‘ഓപ്പറേഷൻ മത്സ്യ’: 800 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

Mail This Article
കായംകുളം∙ ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ സർക്കിൾ നടത്തിയ റെയ്ഡിൽ 800 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഫിഷറീസ് വകുപ്പുമായി ചേർന്ന് നടത്തിയ റെയ്ഡിൽ കായംകുളം കമ്മിഷൻ മാർക്കറ്റിൽ നിന്ന് 750 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര മത്സ്യം, മാവേലിക്കര സർക്കിൾ പരിധിയിലെ പടനിലം മാർക്കറ്റ്, ളാഹ ജംക്‌ഷൻ എന്നിവിടങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ നടത്തിയ പരിശോധനയിൽ 25 കിലോഗ്രാം കിളിമീൻ എന്നിവയും നശിപ്പിച്ചു.വിൽപനക്കാർക്ക് നോട്ടിസ് നൽകി.
ളാഹ ജംക്‌ഷനിൽ മത്സ്യക്കച്ചവടക്കാരൻ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ചെങ്ങന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 25 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. റെയ്ഡിന് ഫിഷറീസ് ഇൻസ്പെക്ടർ എം.എസ്.ദീപു, ഭക്ഷ്യ സുരക്ഷാ ഓഫിസർമാരായ ശ്രീലക്ഷ്മി ജെബി, സൗമ്യ സുകുമാരൻ, ശരണ്യ ശശിധരൻ എന്നിവർ നേതൃത്വം കൊടുത്തു.