കടത്തുകാരന് കടം മിച്ചം; 6 മാസത്തെ ശമ്പളമായി ലഭിക്കാനുള്ളത് 1 ലക്ഷത്തോളം രൂപ
Mail This Article
ചെങ്ങന്നൂർ ∙ ആറു മാസത്തെ ശമ്പളം കുടിശികയായതിനെ തുടർന്ന് വെൺമണി ഐരാണിക്കുഴി കടവിലെ കടത്ത് അവസാനിപ്പിക്കുകയാണെന്ന് കടത്തുകാരൻ. ഇതോടെ അച്ചൻകോവിലാറിനു കുറുകെ അക്കരെയിക്കരെ കടക്കാൻ വഴിയില്ലാതെ നൂറോളം പേർ വലയും. വെൺമണിക്കാരെ നൂറനാട് പഞ്ചായത്തുമായും പന്തളം നഗരസഭയുമായും ബന്ധിപ്പിക്കുന്നതാണ് ഐരാണിക്കുഴി കടത്ത്. 2023 ജൂൺ 1 മുതൽ ഡിസംബർ 31 വരെയുള്ള ശമ്പളം ലഭിക്കാനുണ്ടെന്ന് കടത്തുകാരനായ പുന്തല ആറ്റുപള്ളത്ത് സുരേഷ് പറയുന്നു. 6 മാസം പൊതുമരാമത്ത് അടൂർ ഡിവിഷനും 6 മാസം പന്തളം നഗരസഭയുമാണ് ശമ്പളം നൽകേണ്ടത്.
ഇരുകൂട്ടരും കൈമലർത്തുന്നതോടെ ഒരു വർഷമായി ശമ്പളം കിട്ടാക്കനിയായെന്നും സുരേഷിന്റെ വാക്കുകൾ. ദിവസവേതനാടിസ്ഥാനത്തിൽ പ്രതിദിനം 640 രൂപ വീതം 6 മാസത്തെ ശമ്പളമായി 1,15,200 രൂപയാണ് ലഭിക്കാനുള്ളത്. ഇക്കരെ കൊല്ലകടവ് –കുളനട റോഡും അക്കരെ പന്തളം–ഹരിപ്പാട് റോഡും കയ്യകലത്തിലാണെന്നതാണ് ഐരാണിക്കുഴി കടവ് യാത്രക്കാർ തിരഞ്ഞെടുക്കാൻ കാരണം. 2 റോഡുകളിലെയും ബസ് സൗകര്യം ഉപയോഗിക്കാം.കടത്തു കടന്ന് അക്കരെയെത്തിയാൽ പുന്തലക്കാർക്കു 3 കിലോമീറ്റർ ദൂരം മാത്രംമതി പന്തളത്തെത്താൻ.
കടത്തുവള്ളമില്ലെങ്കിലും കൊല്ലകടവ്–കുളനട റോഡിലൂടെ 7 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും. പന്തളം എൻഎസ്എസ് കോളജ്, പന്തളം ബോയ്സ്– ഗേൾസ് ഹൈസ്കൂളുകൾ, തോട്ടക്കോണം ഗവ.എച്ച്എസ്എസ്, ഇടപ്പോൺ ഹൈസ്കൂൾ, ശ്രീബുദ്ധ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും കടത്തുവള്ളത്തെ ആശ്രയിക്കുന്നു. ജോസ്കോ ആശുപത്രിയിലും പന്തളം മഹാദേവക്ഷേത്രത്തിലുമെത്താനും യാത്രക്കാർ കടവിലെത്തുന്നു.വെൺസെക് സംഭാവന ചെയ്ത 2വള്ളങ്ങൾ കടവിലുണ്ടായിരുന്നു. ഇവ നശിച്ചതോടെ പകരം വള്ളം ഇല്ലാത്ത സ്ഥിതിയായി. സേവാഭാരതിയുടെ വള്ളം വാടകയ്ക്കെടുത്താണ് നിലവിൽ കടത്ത് നടത്തുന്നത്. കടത്തുകാരന്റെ ശമ്പളകുടിശിക തീർത്തു നൽകുന്നതോടൊപ്പം കടത്തുവള്ളം ക്രമീകരിക്കാനും അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.