‘മുടിക്കു കുത്തിപ്പിടിച്ചു വലിച്ചിഴച്ചു, വീണു കിടക്കുമ്പോഴും ചവിട്ടി; എഴുന്നേൽപിച്ച് അടിച്ചു’: നിലാവിനോട് അക്രമികൾ ചെയ്തത്
![alp-nilav-attack alp-nilav-attack](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/7/11/alp-nilav-attack.jpg?w=1120&h=583)
Mail This Article
പൂച്ചാക്കൽ (ആലപ്പുഴ) ∙ ‘മുടിക്കു കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. വീണു കിടക്കുമ്പോഴും ചവിട്ടി. എഴുന്നേൽപിച്ച് അടിച്ചു’: തൈക്കാട്ടുശേരിയിൽ സഹോദരന്മാരെ ആക്രമിച്ചതു സംബന്ധിച്ചു പൊലീസിൽ പരാതിപ്പെട്ടതിന്റെ വിരോധത്തിൽ അയൽവാസികളുടെ മർദനമേറ്റ ദലിത് പെൺകുട്ടി നിലാവ് (19) പറഞ്ഞു. പട്ടാപ്പകൽ പെൺകുട്ടിയെ സംഘം ചേർന്ന് ആക്രമിച്ച സംഭവം ഇന്നലെ നിയമസഭയിലും ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കൈതവളപ്പിൽ ഷൈജു (43), സഹോദരൻഷൈലേഷ് (40) എന്നിവരെ കാഞ്ഞിരമറ്റത്ത് കണ്ടൽക്കാടുകൾക്കുള്ളിലെ ഒളിത്താവളത്തിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ചേർത്തല ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷൈജുവിന്റെ മാതാവ് വള്ളിയെ (65) മർദിച്ചതായി നിലാവിനെതിരെയും കേസുണ്ട്. ഇതു കെട്ടിച്ചമച്ചതാണെന്നും തന്നെ ആക്രമിക്കാനുള്ള പിടിവലിക്കിടെയാണ് വള്ളി വീണതെന്നും നിലാവ് പറയുന്നു. ഞായറാഴ്ച വൈകിട്ടാണു നിലാവിനു മർദനമേറ്റത്. മുൻവൈരാഗ്യത്തിന്റെ പേരിലുള്ള തർക്കമാണു കാരണമെങ്കിലും പൊതുസ്ഥലത്തു ദലിത് പെൺകുട്ടിക്കു നേരെയുണ്ടായ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ‘അടിച്ച ശേഷം എന്നെ വലിച്ചെറിഞ്ഞു.
അവിടെയുണ്ടായിരുന്ന സ്കൂട്ടറിന്റെ മഡ്ഗാഡിലും ടയറിലും തല ഇടിച്ചു. ശരീരമാകെ വേദനയാണ്. സഹോരങ്ങളെ ആക്രമിക്കുന്നതു തടയാൻ ചെന്നപ്പോൾ ‘അടിക്കെടാ അവളെ’ എന്ന് ആക്രോശിച്ചാണ് അവർ വന്നത്’– നിലാവ് പറഞ്ഞു. ഇന്റീരിയർ ഡിസൈനിങ് കോഴ്സ് കഴിഞ്ഞിരിക്കുകയാണു നിലാവ്. മാതാവ് അമ്മിണിക്കും 2 അനുജൻമാർക്കുമൊപ്പമാണു താമസം.അക്രമത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണു പിടികൂടിയത്. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ നോക്കിയെങ്കിലും ഓടിച്ചു പിടികൂടി. തുടർന്ന് ഇവരെ സംഭവസ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചു. തുറവൂർ താലൂക്ക് ആശുപത്രിയിലായിരുന്ന നിലാവിനെയും ഇവിടേക്കു വരുത്തി വിവരങ്ങൾ തേടി. തുടർന്ന് പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവം നടന്നു 4 ദിവസമായിട്ടും നിലാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നില്ല. നിരീക്ഷണ വിഭാഗത്തിലായിരുന്നു. ഇതിൽ പ്രതിഷേധമുയർന്നതോടെയാണ് ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയത്.
മർദനം, കേസ്; വീണ്ടും മർദനം
നിലാവിന്റെ അനുജൻമാരും ഷൈജുവിന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നെന്നു പൂച്ചാക്കൽ പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുകൂട്ടരും പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് തന്റെ സഹോദരങ്ങളെ ഷൈജുവും കൂട്ടരും മർദിച്ചതായി ഞായറാഴ്ച രാവിലെ നിലാവ് പരാതി നൽകി.മർദനത്തിൽ പരുക്കേറ്റ കുട്ടികൾ ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു വരുമ്പോൾ ഷൈജുവും കൂട്ടരും തടഞ്ഞുനിർത്തി ആക്രമിച്ചു. ബഹളം കേട്ടു തടയാൻ ചെന്നപ്പോഴാണു നിലാവിനും മർദനമേറ്റത്. സംഭവത്തിൽ ഇരുപക്ഷത്തുമായി 6 പേർക്കെതിരെ വീതം കേസുണ്ട്. നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷനാണ് അന്വേഷണച്ചുമതല.