ADVERTISEMENT

കുട്ടനാട് ∙ പുളിങ്കുന്ന് ജങ്കാർ സർവീസ് 10–ാം തീയതി പുനരാരംഭിക്കുമെന്നു തോമസ് കെ.തോമസ് എംഎൽഎ അറിയിച്ചിരുന്നെങ്കിലും ഇന്നലെ സർവീസ് പുനരാരംഭിച്ചില്ല. സർവീസ് നടത്തേണ്ട ജങ്കാറിന്റെ ബോട്ടിന് ഉണ്ടായ സാങ്കേതിക തകരാറാണ് സർവീസ് പുന:രാരംഭിക്കാൻ തടസ്സമായതെന്ന് എംഎൽഎ പറഞ്ഞു. വിഷയം നിയമസഭയിൽ ഇന്നലെ എംഎൽഎ ഉന്നയിച്ചിരുന്നു. ഒരു മാസമായി സർവീസ് നടത്താതിരുന്നതുമൂലമുണ്ടായ സാങ്കേതിക തകരാർ ഇന്നു രാവിലെ പരിഹരിക്കുമെന്നും തുടർന്ന് സർവീസ് ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഇന്നു സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പു ലഭിച്ചതിനാൽ ജങ്കാർ സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യ ചങ്ങല മാറ്റി വച്ചതായി ഭാരവാഹികൾ അറിയിച്ചു.

പകരം ഇന്നു രാവിലെ 10നു ജങ്കാർ കടവിൽ യോഗം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. പുളിങ്കുന്ന് പഞ്ചായത്ത് ഭരണ സമതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ വകുപ്പ് മന്ത്രിക്ക് അടക്കം നിവേദനം നൽകിയിരുന്നു. പുളിങ്കുന്ന് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജിനീയർ ഓഫിസ് ഉപരോധ സമരവും നടത്തിയിരുന്നു.

നിർത്തിയത് ഒട്ടേറെ ജനങ്ങളുടെ ആശ്രയം
ചമ്പക്കുളം–പുളിങ്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണു ജങ്കാർ സർവീസ് നടത്തിയിരുന്നത്. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും സൗജന്യമായി ജങ്കാറിൽ കയറാൻ സാധിക്കുമായിരുന്നു. കരാർ പുതുക്കി നൽകാതിരുന്നതോടെ ഒരു മാസം മുൻപാണു സർവീസ് നിർത്തി വച്ചത്.കിഴക്കൻ വെള്ളത്തിന്റെ വരവിലും മറ്റും ശക്തമായ ഒഴുക്ക് ഉള്ളതിനാൽ ചെറു വള്ളങ്ങളിൽ മണിമലയാറിനു കുറുകെ കടക്കാൻ ജനങ്ങൾക്കു ഭയമായിരുന്നു. ചെറുവള്ളങ്ങൾ തുടർച്ചയായി അപകടത്തിൽ പെടാൻ തുടങ്ങിയതോടെയാണു ജങ്കാർ സർവീസ് ആരംഭിച്ചത്.പുളിങ്കുന്ന് പ്രദേശത്തു ബസ് സർവീസ് എത്താത്തതിനാൽ ചമ്പക്കുളം പഞ്ചായത്ത് പരിധിയിലെ പുന്നക്കുന്നത്തുശേരിയിൽ എത്തിയാണു പ്രദേശവാസികൾ ആലപ്പുഴ, ചങ്ങനാശേരി ഭാഗങ്ങളിലേക്കു പോയിരുന്നത്. സ്കൂൾ, കോളജ് കുട്ടികൾ അടക്കം ഒട്ടേറെ ആളുകളാണു നിത്യവും ജങ്കാർ സർവീസിനെ ആശ്രയിച്ചിരുന്നത്. 

പുളിങ്കുന്നിലും കാവാലത്തും പാലം വേണം
പള്ളിക്കൂട്ടുമ്മ–നീലംപേരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട 2 ആറുകൾക്കു കുറുകെ പാലം നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമാണുള്ളത്. പുളിങ്കുന്നിലും കാവാലത്തും പാലം നിർമിച്ചാൽ മാത്രമേ റോഡിന്റെ പൂർത്തീകരണം സാധ്യമാകുകയുള്ളു.ഇരു പാലങ്ങൾക്കും സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്.  പുളിങ്കുന്ന് പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് 24നു സ്ഥലം കൈമാറുമെന്നു വകുപ്പു മന്ത്രി നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കിഫ്ബിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. കാവാലം പാലത്തിന്റെ ടെൻഡർ നടപടികൾക്കു മുന്നോടിയായി ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ നടക്കുകയാണ്.

ജങ്കാർ സർവീസ് പുനരാരംഭിക്കണം: ബിഎംഎസ്
ഒട്ടനവധി വാഹനയാത്രക്കാരും തൊഴിലാളികളും വിദ്യാർഥികളും സാധാരണ ജനങ്ങളും യാത്ര ചെയ്തിരുന്ന പുളിങ്കുന്ന് ജങ്കാർ സർവീസ് അടിയന്തരമായി പുനരാരംഭിക്കാൻ നടപടിയുണ്ടാകണമെന്ന് ഓട്ടോറിക്ഷാ മസ്ദൂർ സംഘം (ബിഎംഎസ്) കുട്ടനാട് ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകൾ തകർന്നു വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത വിധമായിട്ടും ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാത്തിൽ യോഗം പ്രതിഷേധിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം ബി.രാജശേഖരൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജി.എസ്.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജെ.മനോജ്, എസ്.സുമേഷ്, കെ.എസ്.മജേഷ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com