ADVERTISEMENT

തുറവൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ഇന്നലെയും രൂക്ഷമായി ഗതാഗതക്കുരുക്ക്. കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി വഴിതിരിച്ചു വിടുകയാണ്. അരൂക്കുറ്റി റോഡിനു വീതിക്കുറവുള്ളതിനാൽ ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകും. അരൂർ ബൈപാസ് കവല മുതൽ ക്ഷേത്രം ജംക്‌ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇപ്പോഴും. വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. 

പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. കുത്തിയതോട്, മോഹം ആശുപത്രി, സാനിയ തിയറ്റർ, അരൂർ അബാദ് കോൾഡ് സ്റ്റോറേജിനു സമീപം എന്നിവിടങ്ങളിൽ കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈൽ പാകുന്ന ജോലി തുടരുകയാണ്. കനത്ത മഴ ജോലിയെ ബാധിക്കുന്നുണ്ട്. മഴയത്തും തൊഴിലാളികൾ ജോലിയിലാണ്. എന്നാൽ കനത്ത മഴ മൂലം ടൈൽ പാകിയ സ്ഥലങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ടാണ്.

വെള്ളം ഒഴുകി പോകാനുള്ള സംവിധാനം കൂടി ഏർപ്പെടുത്തിയാൽ മാത്രമേ വാഹന യാത്ര സുഗമമാകു. ചന്തിരൂർ സ്കൂളിന് സമീപം ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്.ജനങ്ങൾക്ക് നടന്നു പോകാൻ പോലും കഴിയുന്നില്ല. കോൺക്രീറ്റ് മിശ്രിതം ഇട്ട് ഉറപ്പിച്ച സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ സഞ്ചരിച്ച് പെയ്ത്തുവെള്ളം നിറഞ്ഞ് കുഴമ്പ് പരുവത്തിലായി. മഴമാറിയാൽ ഇതിനു മുകളിൽ എമർഷൻ കോട്ടിങ് സ്പ്രേ ചെയ്താൽ മാത്രമേ പരിഹാരമാകു.

ഗതാഗത ക്രമീകരണം ഇന്നും തുടരും 
ആലപ്പുഴ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു പാതയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് അറ്റകുറ്റപ്പണിക്കായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം ഇന്നും തുടരും. അവശ്യ സർവീസുകൾ, ആംബുലൻസ്, സ്കൂൾ ബസുകൾ എന്നിവ കടത്തി വിടും.തുറവൂരിൽ നിന്ന് അരൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ദേശീയപാതയുടെ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെ കടന്നുപോകണം.

അരൂരിൽ നിന്നു തുറവൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രത്തിനു സമീപത്തുനിന്ന് അരൂക്കുറ്റി –തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. ഭാരവാഹനങ്ങൾ എംസി റോഡ് വഴിയാണു കടത്തിവിടുന്നത്.ഇന്നലെ അവധി ദിനമായിട്ടും പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയുടെ കിഴക്കുവശത്ത് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് ഒറ്റവരിപ്പാതയായതാണു പ്രധാന കാരണം. അരൂർ ക്ഷേത്രത്തിനു സമീപത്തു നിന്ന് അരൂക്കുറ്റി റോഡിലേക്കു തിരിയുന്ന ഭാഗത്തെ വീതി കുറവു കാരണം ഇവിടെയും ഗതാഗതക്കുരുക്കുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com