പൊലീസിനെക്കണ്ട് ഓടി ഓടയിലൊളിച്ചു; ‘കള്ളനെ പുറത്തെടുക്കൽ ദൗത്യ’ത്തിനു വേണ്ടിവന്നത് നാലുമണിക്കൂർ
Mail This Article
കായംകുളം∙ പുലർച്ചെ പട്രോളിങ് നടത്തുന്ന പൊലീസിനെക്കണ്ട് ഓടി റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിലിറങ്ങി ഒളിച്ച മോഷ്ടാവിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വലയിലാക്കി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയാണു സംഭവം. തമിഴ്നാട് കരൂർ നെയ്‌വേലി സ്വദേശി രാജശേഖരനാണ്(57) പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് പട്രോളിങ് സംഘത്തെ കണ്ടപ്പോൾ ഇയാൾ ഓടി. സംശയം തോന്നി പിന്തുടർന്നപ്പോഴാണു റെയിൽവേ ജംക്‌ഷനു സമീപത്തെ ഓടയിൽ ഇറങ്ങി ഇഴഞ്ഞുനീങ്ങി ഒളിച്ചത്.
സ്ലാബ് ഇളക്കി പൊലീസ് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉള്ളിലേക്കു നീങ്ങി. പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. ഓക്സിജൻ സിലിണ്ടറുമായാണു സേനാംഗങ്ങൾ ഓടയ്ക്കുള്ളിൽ ഇറങ്ങിയത്. അതിസാഹസികമായി മോഷ്ടാവിനെ ഓടയിൽ നിന്നു വലിച്ചു പുറത്തെടുത്തു. നാട്ടുകാരും സഹായത്തിനെത്തിയിരുന്നു. ഏതാണ്ട് 4 മണിക്കൂറാണു ‘കള്ളനെ പുറത്തെടുക്കൽ ദൗത്യ’ത്തിനു വേണ്ടിവന്നത്. സ്റ്റേഷനു സമീപം വീടുകളിലും കടകളിലും മോഷണത്തിനു ശ്രമിക്കുന്നതിനിടെയാണു രാജശേഖരൻ പട്രോളിങ് സംഘത്തിന്റെ മുന്നിൽപെട്ടതെന്നു പൊലീസ് പറഞ്ഞു.ഫയർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു ടി സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിനു നേതൃത്വം നൽകിയത്.