പമ്പാ തീരത്ത് ജാഗ്രത; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Mail This Article
ചെങ്ങന്നൂർ ∙ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ പമ്പാ നദിയുടെ തീരത്തു ജാഗ്രത തുടരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മിത്രപ്പുഴ പാലത്തിനു സമീപത്തെ 3 കുടുംബങ്ങളെ കിഴക്കേനട ഗവ.യുപിഎസിലെ ക്യാംപിലേക്കു മാറ്റിപ്പാർപ്പിച്ചു. മണിമലയാറ്റിലും അച്ചൻകോലിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നാൽ തിരുവൻവണ്ടൂരിൽ ഇന്നു ക്യാംപ് തുറന്നേക്കും.വരട്ടാറിൽ വൻതോതിൽ മണ്ണും ചെളിയും കിടക്കുന്നതിനാൽ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. മണ്ണും ചെളിയും നീക്കം ചെയ്യാൻ നടപടി വേണം.
ചാരുംമൂട്∙ കിഴക്കൻവെള്ളത്തിന്റെ വരവ് വർധിച്ച് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഇരുകരകളിലുമുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ആശങ്കയിൽ. ആറ്റുവ ഉൾപ്പെടെ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. പാടശേഖരങ്ങളുടെ കരയിലുള്ള ചിറകളിൽ കൃഷി ചെയ്തിരുന്ന പച്ചക്കറിക്കൃഷി വെള്ളത്തിനടിയിലായി.
മഴ തുടർന്നാൽ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടാകും. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ചാരുംമൂട് മേഖലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. കൃഷിവകുപ്പ് നാശനഷ്ടം കണക്കാക്കിയിട്ടില്ല.