മാന്നാർ കല വധക്കേസ്: തെളിവായ കാർ കൊട്ടിയത്തു നിന്നു കണ്ടെത്തി
Mail This Article
ആലപ്പുഴ∙ മാന്നാർ കല വധക്കേസിൽ നിർണായക തെളിവായ കാർ അന്വേഷണ സംഘം കൊല്ലം കൊട്ടിയത്തു നിന്നു കണ്ടെത്തി. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്. കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ ഉടമയാരെന്ന കാര്യം പ്രതികൾ വെളിപ്പെടുത്തിയിരുന്നില്ല.പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു മഹേഷിലെത്തിയത്.15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ. കല കൊല്ലപ്പെട്ടെങ്കിൽ എവിടെവച്ച് എന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ പല തവണ ചോദ്യം ചെയ്തിട്ടും ഇക്കാര്യം പുറത്തുവന്നിട്ടില്ല.
മൃതദേഹം എന്തു ചെയ്തെന്നും വ്യക്തമായി പറഞ്ഞിട്ടില്ല.കലയ്ക്ക് അടുപ്പമുണ്ടായിരുന്നയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുവൈത്തിലായിരുന്ന ഇദ്ദേഹം ഈയിടെ നാട്ടിലെത്തിയപ്പോഴാണു മൊഴിയെടുത്തത്. ഇസ്രയേലിലുള്ള ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടി തുടരുകയാണ്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ആദ്യഘട്ടമായ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ കേന്ദ്രസർക്കാർ വഴി നൽകിയിരുന്നു.
ഇതിൽ കൂടുതൽ വ്യക്തത തേടിയതോടെ അതു പരിഹരിച്ച് വീണ്ടും അപേക്ഷ നൽകി.ഇതുസംബന്ധിച്ച് നടപടിയാകുമ്പോൾ ഇന്റർപോളിൽ കേന്ദ്ര സർക്കാർ വഴി അറിയിക്കുമെന്നും തുടർന്ന് റെഡ് കോർണർ നോട്ടിസിനുള്ള നടപടി തുടങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.