നെഹ്റു ട്രോഫി: ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളുടെ സൃഷ്ടികൾ പ്രദർശനത്തിന്

Mail This Article
ആലപ്പുഴ∙ 70–ാമതു നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളിൽ പ്രദർശനത്തിനു വിദ്യാർഥികളുടെ സൃഷ്ടികളും. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികൾ ഒരുക്കുന്ന ചിത്രങ്ങളും ശിൽപങ്ങളുമാണു പ്രദർശനത്തിനുണ്ടാവുക. ഇതാദ്യമായാണു ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികളുടെ ചിത്ര–ശിൽപങ്ങൾ വള്ളംകളിയുടെ ഭാഗമായി പ്രദർശനത്തിനെത്തിക്കുന്നത്.
വള്ളംകളിക്ക് മുൻപായുള്ള 5 ദിവസങ്ങളിലാണു സാംസ്കാരിക പരിപാടികൾ നടത്തുന്നത്. ഓഗസ്റ്റ് 5 മുതൽ 9 വരെ നഗരചത്വരത്തിലാകും പരിപാടി നടത്തുക. 5 ദിവസമായി കോളജിൽ നടത്തുന്ന ക്യാംപിൽ അറുപതിലേറെ വിദ്യാർഥികൾ പങ്കെടുക്കും. എട്ടു വിദ്യാർഥികൾ ഒന്നിച്ച് വലിയ ക്യാൻവാസിൽ ചിത്രരചന നടത്താനും പദ്ധതിയുണ്ട്. കോളജിൽ വച്ച് ക്യാൻവാസിൽ വരച്ച് നഗരചത്വരത്തിലെത്തിക്കാനാണു പദ്ധതി.
സൃഷ്ടികൾക്കുള്ള ക്യാൻവാസും ചായവും ഉൾപ്പെടെയുള്ളവ എൻടിബിആർ സൊസൈറ്റിയാണു നൽകുന്നത്. വള്ളംകളി സമൂഹ മാധ്യമ പ്രചാരണത്തിനുള്ള റീലുകളും പോസ്റ്ററുകളും തയാറാക്കുന്നതിലും കോളജിലെ 5 വിദ്യാർഥികൾ സഹായിക്കുന്നുണ്ട്.അതേസമയം സംസ്ഥാനത്തെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ വള്ളംകളി നീട്ടി വയ്ക്കുമോയെന്ന് സംശയമുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും കനത്ത മഴ തുടരുന്നതിനാൽ വേമ്പനാട്ടു കായലിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ വൈകിട്ട് പുന്നമടയിൽ നെഹ്റു ട്രോഫി ട്രാക്കിൽ ഒരു അടിയോളം ജലനിരപ്പ് ഉയർന്നിരുന്നു. ഇനിയും ജലനിരപ്പ് ഉയർന്നാൽ നെഹ്റു പവിലിയനിലും എതിർവശത്തെ കോൺക്രീറ്റ് പവിലിയനിലും വെള്ളം കയറും. ഇതും വള്ളംകളി നടത്തിപ്പിനു ബുദ്ധിമുട്ടാകും.