ADVERTISEMENT

ആലപ്പുഴ∙ ഓഗസ്റ്റ് 10 ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. പകരം സെപ്റ്റംബർ 7ന് നടത്താനാണ് ആലോചന. ആഘോഷങ്ങൾ ഒഴിവാക്കി മത്സരം നടത്താൻ നേരത്തെ ആലോചനയുണ്ടായിരുന്നു. കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണു സാംസ്കാരിക ഘോഷയാത്ര ഉൾപ്പെടെ ആഘോഷങ്ങളെല്ലാം ഒഴിവാക്കി 10ന് തന്നെ മത്സരം നടത്താനുള്ള നിർദേശം ഉയർന്നത്. വള്ളംകളി മറ്റൊരു തീയതിയിലേക്കു മാറ്റണമെന്ന അഭിപ്രായവും ഉണ്ടായി. ചർച്ചയുടെ വിശദാംശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി തീരുമാനമെടുക്കുമെന്നു കലക്ടർ അറിയിച്ചിരുന്നു.

നെഹ്റു ട്രോഫി മാറ്റിവയ് ക്കൽ  ഐക്യദാർഢ്യമെങ്കിലും ക്ലബ്ബുകൾക്ക് ആശങ്ക 
ആലപ്പുഴ ∙ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവയ്ക്കാനുള്ള തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും പുതിയ തീയതി നീളുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയിൽ ബോട്ട് ക്ലബ്ബുകൾ. മത്സരം ഈ മാസം തന്നെ നടത്തണമെന്ന ബോട്ട് ക്ലബ് പ്രതിനിധികൾ ഇന്നലെ ചേർന്ന സബ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. വള്ളംകളി സെപ്റ്റംബർ ഏഴിന് നടത്താനായിരുന്നു ആലോചനയെങ്കിലും ഈ മാസം  തന്നെ നടത്തണമെന്നു ബോട്ട് ക്ലബ്ബുകൾ ആവശ്യപ്പെട്ടതോടെ തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.  

തുഴച്ചിലുകാർക്കുള്ള വേതനം, ഭക്ഷണം, താമസം ഇനങ്ങളിലായി ഒരു ദിവസം രണ്ടു ലക്ഷത്തോളം രൂപയാണു ചെലവു വരുന്നതെന്നു ബോട്ട് ക്ലബ്ബുകൾ പറയുന്നു. ഒരു മാസം മുൻപേ   പരിശീലനം ആരംഭിച്ച ക്ലബ്ബുകൾ ഇതിനകം 30–40 ലക്ഷം രൂപയോളം ചെലവഴിച്ചു കഴിഞ്ഞു. ഓഗസ്റ്റ് അവസാനവാരം മത്സരം നടത്തിയാൽ പോലും ഇനിയും 25–30 ലക്ഷം രൂപ ഓരോ ക്ലബ്ബും പരിശീലനത്തിനായി ചെലവാക്കേണ്ടിവരും. സെപ്റ്റംബറിലേക്ക് മത്സരം നീണ്ടാൽ ഇപ്പോൾ ആരംഭിച്ച പരിശീലന ക്യാംപുകൾ പിരിച്ചുവിടേണ്ടി വരും. 

സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെയുള്ള തുഴച്ചിൽകാരെ എത്തിച്ചാണ് പരിശീലനം ആരംഭിച്ചത്. ക്യാംപ് പിരിച്ചുവിട്ടാൽ വീണ്ടും ഇവരെ എത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നര മാസത്തോളം ക്യാംപ് നടത്തിയ വകയിലുള്ള ലക്ഷങ്ങളുടെ നഷ്ടം വേറെയും. പരിശീലന ക്യാംപുകൾ നേരത്തേ ആരംഭിച്ച ബോട്ട് ക്ലബ്ബുകൾക്കു വള്ളംകളി നീട്ടിവച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം അനുവദിക്കണമെന്നും കേരള ബോട്ട് ക്ലബ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇഖ്ബാൽ ഇന്നലെ ചേർന്ന സബ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്താമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം ബോട്ട് ക്ലബ്ബുകൾ മുന്നോട്ടുവച്ചത്. എന്നാൽ വള്ളംകളി മാറ്റിവയ്ക്കാൻ ഇന്നലെ തീരുമാനമെടുത്തപ്പോഴും ബോട്ട് ക്ലബ്ബുകൾ അതിനൊപ്പം നിന്നു. ഉരുൾപൊട്ടലിൽ നൂറുകണക്കിനാളുകൾ ദുരിതമനുഭവിക്കുമ്പോൾ മത്സരം നടത്തേണ്ടതില്ലെന്ന വികാരത്തിനൊപ്പമായിരുന്നു ക്ലബ്ബുകൾ. പക്ഷേ, ഈ തീരുമാനം മൂലം തങ്ങൾക്കുണ്ടാകുന്ന നഷ്ടവും അധികൃതർ പരിഗണിക്കണെന്നാണ് ബോട്ട് ക്ലബ്ബുകളുടെ  വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com