100 മീറ്റർ കുഴിയും വെള്ളക്കെട്ടും ചിതറിക്കിടക്കുന്ന കല്ലുകളും; റോഡ് സഞ്ചാരയോഗ്യമല്ല: ചങ്ങാട സർവീസ് നിർത്തി

Mail This Article
പൂച്ചാക്കൽ ∙ റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ മാക്കേക്കടവ് നേരേകടവ് ഫെറിയിലെ ചങ്ങാട സർവീസ് കരാറുകാർ നിർത്തി. മാക്കേക്കടവ് നേരേകടവ് പാലം നിർമാണം നടക്കുന്നതിനാൽ അവിടെയുണ്ടായിരുന്ന ചങ്ങാട സർവീസാണ് തെക്കോട്ടു മാറി സ്വകാര്യ കടവിൽ ജെട്ടി നിർമിച്ച് നടത്തുന്നത്. ഇരുചക്ര വാഹനങ്ങൾ മാത്രം പോകുന്നതാണ് ചങ്ങാടം. തൈക്കാട്ടുശേരി ഉദയനാപുരം പഞ്ചായത്തുകൾ ചേർന്നാണു കരാർ കൊടുത്തു ചങ്ങാട സർവീസ് നടത്തിക്കുന്നത്.
മാക്കേക്കടവിലെ പ്രധാന റോഡിൽ നിന്നും ചങ്ങാടക്കടവിലേക്കുള്ള റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. കുഴിയും വെള്ളക്കെട്ടും ചെളിയും ചിതറിക്കിടക്കുന്ന വലിയ കല്ലുകളുമായി 100 മീറ്റർ റോഡിൽ യാത്ര അസാധ്യമാണ്. ഇരുചക്ര വാഹനയാത്രികർ വീണുള്ള അപകടം ഇവിടെ പതിവായിട്ടുണ്ട്. മൂന്നു മാസം മുൻപു മഴയിൽ റോഡ് ചെളിക്കുളമായപ്പോൾ കെട്ടിട നിർമാണ അവശിഷ്ടങ്ങൾ ഇട്ടിരുന്നു. ഇതാണ് ഇപ്പോൾ സ്ഥി കൂടുതൽ വഷളാക്കി കാൽനടയാത്ര പോലും പ്രയാസകരമാക്കിയിരിക്കുന്നത്.
റോഡ് തകർന്നതോടെ വാഹനങ്ങൾ വരാതെയായി ചങ്ങാട സർവീസ് നഷ്ടത്തിലായെന്നു കരാറുകാർ പറയുന്നു. രണ്ടാഴ്ച്ചയോളമായി ഇൗ സ്ഥിതിയായിട്ട്. നഷ്ടം പരിഹരിക്കാൻ ചങ്ങാട സർവീസ് കരാർ പ്രകാരം പഞ്ചായത്തിന് കൊടുക്കേണ്ട നിശ്ചിത തുകയിൽ ഇളവ് വേണമെന്ന് തൈക്കാട്ടുശേരി പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. റോഡ് നന്നാക്കാൻ നടപടി എടുക്കുമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നു.
ജങ്കാറിന്റെ വാർഷിക അറ്റകുറ്റ പണികളെ തുടർന്നു നിലവിൽ തവണക്കടവ് വൈക്കം ജങ്കാർ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഇതിനാൽ മാക്കേക്കടവിൽ തിരക്ക് കൂടേണ്ടതാണെങ്കിലും റോഡ് തകർന്നതിനാൽ ആരും പോകുന്നില്ല. മാക്കേക്കടവിനു വടക്ക് മണപ്പുറം – ചെമ്മനാകരി ചങ്ങാട സർവീസിനു യാത്രക്കാരുടെ തിരക്കേറിയിട്ടുണ്ട്. ഇവിടെയും ഇരുചക്ര വാഹനം മാത്രമാണു പോകുന്നത്.