ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും കടവുകളും പിതൃബലിതർപ്പണ ചടങ്ങിനു സജ്ജമായി. നാളെയാണു കർക്കടക വാവെങ്കിലും ചില ക്ഷേത്രങ്ങളിൽ ഞായറാഴ്ച പുലർച്ചെയും ബലിതർപ്പണത്തിനു സംവിധാനമൊരുക്കിയിട്ടുണ്ട്.   തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കർക്കടകവാവ് ബലി അടിയന്തിരം നാളെയായിരിക്കും ആചരിക്കുകയെന്നു ദേവസ്വം കമ്മിഷണർ ഇൻ ചാർജ് അറിയിച്ചു.

ഇതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്. ബോർഡ് പ്രസിദ്ധീകരിച്ച കലണ്ടറിൽ ഓഗസ്റ്റ് 3 കർക്കടക വാവ് ആയും 4 ന് കറുത്ത വാവ് ആയും രേഖപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിന് തയാറെ‌ുക്കുന്നവർക്ക് ഇതു മൂലം ആശയക്കുഴപ്പം ഉണ്ടെന്ന വിവരത്തെത്തുടർന്നാണു ബോർഡ് സർക്കുലർ ഇറക്കിയത്.

∙ ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിലും കടപ്പുറത്തും ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ 4 മുതലാണ് ബലികർമങ്ങൾ. കടപ്പുറത്ത് 40 ബലിത്തറകൾ ഒരുക്കി.  പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സാന്നിധ്യമുണ്ടാകും. ക്യാമറ നിരീക്ഷണവും ഉണ്ടാകും. ക്ഷേത്രത്തിൽ നിന്നു വൊളന്റിയർമാരെയും ചുമതലപ്പെടുത്തി. മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ ബലിതർപ്പണത്തിന് ആളുകൾ എത്താറുണ്ട്. 

∙ മാവേലിക്കര കണ്ടിയൂർ ആറാട്ടുകടവിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തൃക്കുന്നപ്പുഴ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിന് എത്തുന്നത് ഇവിടെയാണ്. നാളെ പുലർച്ചെ മുതൽ ബലിതർപ്പണം നടക്കും. അച്ചൻകോവിലാറ്റിലെ കടവിൽ സുരക്ഷ മുൻനിർത്തി ഇരുമ്പുവല കെട്ടി അതിർത്തി തിരിച്ചു. കടവിൽ മണൽച്ചാക്കും അടുക്കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശം ശുചീകരിച്ചു. കണ്ടിയൂർ മഹാദേവ ക്ഷേത്രം, കണ്ടിയൂർ കീർത്തിപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ നാളെ പിതൃപൂജ, തിലഹോമം തുടങ്ങിയവയ്ക്കും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 

∙ തെക്കൻ കേരളത്തിലെ പ്രമുഖ ധന്വന്തരി ക്ഷേത്രമായ ചേർത്തല മരുത്തോർവട്ടം ക്ഷേത്രത്തിൽ നാളെ രാവിലെ 6 മുതൽ കർക്കടക വാവിന്റെ ചടങ്ങുകൾ നടക്കും. പിതൃപ്രീതിക്കായി ക്ഷേത്രത്തിൽ നടത്തുന്ന നമസ്കാരവും ഔഷധമായി കണക്കാക്കുന്ന താൾ കറിയും മുക്കുടിയും അട്ടയും കുഴമ്പും കർക്കടക മരുന്നു കഞ്ഞിയും നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ 35,000 ലീറ്റർ താൾ കറിയും 350 പറ അരിയുടെ നമസ്കാരച്ചോറും  ഒരുക്കുന്നുണ്ട്. കറിക്കുള്ള താൾ ശേഖരിക്കൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി താൾകറി നൽകും.  

∙ നാളെ പുലർച്ചെ 3 മുതൽ അമ്പലപ്പുഴയിലെ തീരദേശങ്ങളിൽ ചടങ്ങുകൾ നടക്കും. തോട്ടപ്പള്ളി സ്പിൽവേ പൊഴി, കരൂർ, കോമന, നീർക്കുന്നം, പുന്നപ്ര തീരദേശങ്ങളിൽ കർമികളുടെ സാന്നിധ്യത്തിൽ ബലിതർപ്പണം നടത്താം. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രം, കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂർത്തി ക്ഷേത്രം, വാ‌ടയ്ക്കൽ പതിയാംകുളങ്ങര ശ്രീദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒറ്റ നമസ്കാരം, കൂട്ടനമസ്കാരം വഴിപാടുകൾ ശീട്ടാക്കാം.

∙ആലപ്പുഴ കൊറ്റംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വാവുബലിക്കു  ക്രമീകരണങ്ങൾ നടത്തി. നാളെ പുലർച്ചെ 3 ന്ചടങ്ങുകൾ തുടങ്ങും. 
  ∙ ചെങ്ങന്നൂരിലെ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. മഹാദേവ ക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നാളെ പുലർച്ചെ 4 മുതൽ മിത്രപ്പുഴക്കടവിൽ നടത്തും. ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തിലഹോമം, പിതൃപൂജ, നമസ്കാരം എന്നീ വഴിപാടുകൾ നടത്താൻ ക്ഷേത്രത്തിൽ സൗകര്യമുണ്ട്.

∙കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 6.30ന് ഉഷപൂജകൾക്ക് ശേഷം ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വി.പി. കുമാരൻ ശാന്തിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com