ADVERTISEMENT

പാണാവള്ളി∙ നൂറു വർഷം മുൻപത്തെ മഹാപ്രളയത്തിൽ വീണുപോകാതെ ഒരു നാടിനാകെ അഭയകേന്ദ്രമായ തളിയാപറമ്പിലെ കീക്കര തറവാട് ഇന്നും അതേ കരുത്തോടെ നിൽക്കുന്നു. വലിയ ദുരന്തത്തിന്റെ വാർത്തകൾ സങ്കടപ്പെടുത്തുമ്പോൾ തളിയാപറമ്പിലെ മുതിർന്ന തലമുറയുടെ ഓർമയിൽ അവർ കേട്ട പഴയ പ്രളയകഥകൾക്കു നടുവിൽ ഈ വീടുണ്ട്. 1924ലെ പ്രളയം (99ലെ വെള്ളപ്പൊക്കമെന്നു കൊല്ലവർഷക്കണക്ക്) നാടിനെയാകെ മുക്കിയപ്പോൾ പാണാവള്ളിയിലും പരിസരങ്ങളിലുമുള്ള ഒട്ടേറെപ്പേർക്കു കരപറ്റാൻ ഈ തറവാട് ഇടമൊരുക്കി.

ഉയരമേറിയ വരാന്തയുള്ളതുകൊണ്ടാണ് കീക്കര വീട് പ്രളയജലത്തിലെ തുരുത്തായി നിന്നത്. വലിയ വള്ളങ്ങളിലാണ് അന്നു നാട്ടുകാരെ കീക്കര തറവാടിന്റെ മുറ്റത്ത് എത്തിച്ചതെന്ന് അതിനെല്ലാം സാക്ഷിയായിരുന്ന പാപ്പിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴത്തെ തലമുറയിലെ വി.എൻ.ജോഷി പറഞ്ഞു. വരാന്തയുടെ മൂലയിലെ തൂണിലാണ് അന്നു വള്ളം കെട്ടിയിട്ടത്. ഒട്ടേറെ മുറികളുള്ള വീടിന്റെ താഴത്തെ നിലയിലും വരാന്തയിലും മച്ചിൻപുറത്തുമായി ഒരു നാടു തന്നെ അഭയം പ്രാപിച്ചു.

എല്ലാവർക്കും ഭക്ഷണം നൽകാനുള്ള വക അവിടെയുണ്ടായിരുന്നു. ഒട്ടേറെ കുടുംബങ്ങൾ ദിവസങ്ങളോളം അവിടെ കഴിഞ്ഞു. വെള്ളമിറങ്ങിയപ്പോൾ വീട്ടുകാർക്കു നന്ദി പറഞ്ഞ് അവർ മടങ്ങി.വേമ്പനാട്ടു കായൽ കവിഞ്ഞു വെള്ളം കയറിയാണു നാടാകെ മുങ്ങിയത്. തളിയാപറമ്പ് ദേശത്ത് 4 അടിയിലേറെ വെള്ളം ഉയർന്നു. കീക്കര തറവാടിനു പടിഞ്ഞാറ് ഇളംകുളം പാടശേഖരവും അതിനപ്പുറം ഉളവയ്പ് കായലുമാണ്. ഒട്ടേറെ കൈത്തോടുകളും. ആ വഴിയെല്ലാം വെള്ളം ഒഴുകിപ്പോയതിനാൽ പ്രളയം ഇവിടെ വലിയ നാശമുണ്ടാക്കിയില്ല. മറ്റു പ്രദേശങ്ങളിൽനിന്നാണു കൂടുതൽ ആളുകൾ എത്തിയത്.

പൂക്കൈത മുട്ട് വരെയുള്ള വീട്ടുകാർ ഈ വീട്ടിലാണു കഴിഞ്ഞത്. കനമേറിയ തടികളും കുമ്മായവും മറ്റും കൊണ്ടു നിർമിച്ച വീടിന് ഇപ്പോഴും വലിയ കേടില്ല. 2003ൽ അറ്റകുറ്റപ്പണി  നടത്തിയിരുന്നു. കാര്യമായ പണിയൊന്നും വേണ്ടിവന്നില്ല. വരുംതലമുറയ്ക്ക് ഈ വീടു നിലനിർത്തണമെന്നു തോന്നിയാൽ അവർക്കു സൗകര്യമാകുന്ന ചിലത് അന്നു ചെയ്തിരുന്നു. തടിയുരുപ്പടികളിലും മറ്റും മുഴുവൻ ചെമ്പാണികളാക്കിയതാണ് ഒന്ന്. തുരുമ്പിച്ചു നാശമുണ്ടാകാതിരിക്കാൻ. കൂട്ടുകുടുംബത്തിലെ പലരും ഇപ്പോൾ മറ്റു സ്ഥലങ്ങളിലാണ്.

ഇപ്പോൾ ഇവിടെ താമസിക്കുന്നതു ജി.വൽസപ്പനും ഭാര്യ ഗീതയും മകൾ നന്ദനയുമാണ്. സിപിഐ നേതാവായിരുന്ന സി.കെ.ചന്ദ്രപ്പൻ ഉൾപ്പെടെ ഒട്ടേറെ പ്രശസ്തരുടെ തറവാടാണിത്. പേരുകേട്ട വൈദ്യൻമാരായിരുന്നു മുൻതലമുറകളിൽ പലരും.ഇവിടത്തെ കുടുംബക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതു ശ്രീനാരായണഗുരുവാണെന്നതും അദ്ദേഹം അതിനായി ഈ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നതും പഴയ തലമുറയിൽനിന്നു പകർന്നു കിട്ടിയ വിവരം. പക്ഷേ, ഈ പ്രതിഷ്ഠയുടെ വിവരങ്ങൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഗുരുവിന്റെ അപൂർവ ചിത്രം കീക്കരയിൽ ഇപ്പോഴുമുണ്ട്.

പഴയകാലത്തെ പല അടയാളങ്ങളും ഇന്നും നിലനിർത്തുന്നുണ്ട്. പറമ്പിൽ 7 കുളങ്ങളുണ്ട്. കുളിക്കാനും കുടിക്കാനും അലക്കാനും ഓല കുതിർക്കാനും കൃഷിക്കു നനയ്ക്കാനുമൊക്കെ വെവ്വേറെ കുളങ്ങളായിരുന്നു പണ്ട്. കരിങ്കല്ലുകൊണ്ടു നിർമിച്ച 2 കിണറുകളുമുണ്ട്. തറവാട്ടിൽ നിറയെ ജോലിക്കാരുണ്ടായിരുന്നു പണ്ട്. വീടു മേയാനുള്ള ഓടുകൾ പൂക്കൈത മുട്ടിലാണു വള്ളത്തിൽ എത്തിച്ചത്. അവ പറമ്പിലെത്തിക്കാൻ അന്നത്തെ കാരണവർ ജോലിക്കാരോടു പറഞ്ഞു. ഓരോരുത്തരും കയ്യിലൊതുങ്ങുന്നത്ര ഒരു തവണ കൊണ്ടുവന്നപ്പോൾ തന്നെ ഓടുകൾ മുഴുവൻ പറമ്പിലെത്തി. ചിലർക്ക് ഓടെടുക്കാൻ അവസരം കിട്ടിയില്ല. അത്രയേറെ ജോലിക്കാരുണ്ടായിരുന്നു!

വീടിനു 300 വർഷമെങ്കിലും പഴക്കമുണ്ടാകുമെന്നാണു ജോഷിയുടെ നിഗമനം. തന്റെ കയ്യിലുള്ള പഴയ ഭാഗഉടമ്പടികളിൽ ഐക്കര വില്ലേജ് എന്നു കണ്ടു കൗതുകം തോന്നി ജോഷി അതെവിടെയെന്ന് അന്വേഷിച്ചിരുന്നു. പരിസര പ്രദേശങ്ങളിലെങ്ങും ഐക്കര വില്ലേജില്ല. ഒരിക്കൽ മൂന്നാറിലേക്കുള്ള യാത്രയിൽ പുത്തൻകുരിശ് ഭാഗത്തുവച്ച് ഐക്കര വില്ലേജ് എന്നു കൊത്തിയ കല്ലു കണ്ടു. ഇപ്പോഴും അവിടെ ഐക്കര വില്ലേജുണ്ടെന്നു കണ്ടെത്തി. സബ് റജിസ്ട്രാർ ഓഫിസിലെ പഴയ രേഖകൾ നോക്കിയപ്പോൾ കീക്കര തറവാടു നിൽക്കുന്ന സ്ഥലം വളരെപ്പണ്ടു കൈമാറ്റം ചെയ്തതിന്റെ വിവരങ്ങൾ ലഭിച്ചു. ആഴ്‌വാഞ്ചേരി മനയുമായും ഭൂമി കൈമാറ്റത്തിനു ബന്ധമുണ്ടെന്നു ജോഷി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com