ലക്ഷങ്ങൾ ചെലവഴിച്ച് പരിശീലനം; നെഹ്റു ട്രോഫിയിൽ അനിശ്ചിതത്വം, സിബിഎൽ റദ്ദാക്കി
Mail This Article
എടത്വ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വം തുടരുകയും സിബിഎൽ ഉപേക്ഷിക്കുകയും ചെയ്തതോടെ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെയുള്ള കളിവള്ളങ്ങൾ തിരികെ മാലിപ്പുരയിലേക്കു കയറി. കൊട്ടും കുരവയും, ആരവങ്ങളുമായി നീരണഞ്ഞ വള്ളങ്ങൾ നിരാശയോടെയാണു നാട്ടുകാർ തിരികെ കയറ്റി വയ്ക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരു മാസത്തിൽ അധികമായി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന മുഖ്യധാര ക്ലബ്ബുകളുടെ ഉൾപ്പെടെയുള്ള തുഴച്ചിൽ താരങ്ങൾ പരിശീലനം ഉപേക്ഷിച്ചു മടങ്ങി. പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്റുവിന്റെ സ്മരണകൾ ഉണർത്തുന്ന ലോകപ്രശസ്ത നെഹ്റു ട്രോഫി ജലോത്സവം വയനാട് ദുരന്തത്തിൽ മുങ്ങിയതോടെയാണു വള്ളംകളി തകിടം മറിഞ്ഞത്.
കാര്യങ്ങൾ അനിശ്ചിതമായി നീണ്ടതോടെ വിദേശത്തുനിന്നും, സ്വദേശത്തു നിന്നും എത്തിയ തുഴച്ചിലുകാർ അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി. ഇതോടെയാണ് മത്സരത്തിനായി റജിസ്റ്റർ ചെയ്യുകയും പരിശീലനത്തിനായി കൊണ്ടുപോകുകയും ചെയ്ത വള്ളങ്ങൾ മടക്കി കൊണ്ടുവന്ന് മാലിപ്പുരകളിലേക്കു കയറ്റി തുടങ്ങിയത്.ചാംപ്യൻസ് ബോട്ട് ലീഗിൽപെട്ട ജലരാജാക്കന്മാരായ വള്ളങ്ങളെ മാസങ്ങൾക്കു മുൻപു തന്നെ മുഖ്യധാരാ ക്ലബ്ബുകൾ ഏറ്റെടുത്തിരുന്നു. 25 ലക്ഷം മുതൽ ഒരു കോടി രൂപയ്ക്കു വരെയാണ് ചുണ്ടൻവള്ളത്തിന്റെ സമിതികളും ക്ലബ് ഭാരവാഹികളുമായി ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നത്. 5 ലക്ഷം മുതൽ 40 ലക്ഷം വരെ വള്ളം സമിതികൾ ക്ലബ്ബുകൾക്ക് അഡ്വാൻസും നൽകി. നെഹ്റു ട്രോഫിയും തുടർന്നു നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് കളികൾക്കും വേണ്ടിയാണ് ഭീമമായ തുക നൽകി പരിശീലനം ആരംഭിച്ചത്.
വീയപുരം, പായിപ്പാട് , ആയാപറമ്പ് വലിയ ദിവാൻജി, തലവടി, നിരണം തുടങ്ങി ഒട്ടേറെ വള്ളങ്ങൾ ഇതിനോടകം കയറ്റി വച്ചു. ലക്ഷങ്ങൾ പാഴായതിന്റെ പശ്ചാത്തലത്തിൽ ഇനി സ്പോൺസർമാരെ കണ്ടെത്തുക പോലും പ്രയാസകരമാകുമെന്ന് വള്ളം സമിതി ഭാരവാഹികൾ പറയുന്നു. ഓരോ ചുണ്ടൻ വള്ളം സമിതി ഭാരവാഹികളും കരകളിൽ നിന്നും സഹകാരികളിൽ നിന്നും പണം പിരിച്ചെടുത്താണ് ക്ലബ്ബുകൾക്ക് നൽകിയത്. അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ വ്യാപ്തി ഏറെ വലുതാണ്. ആയിരക്കണക്കിനു പ്രവാസികളാണ് നാലും അഞ്ചും ദിവസത്തെ അവധിയെടുത്ത് വള്ളംകളി കാണാൻ എത്തിയത്. അവരും സാമ്പത്തിക നഷ്ടവും നിരാശമായാണ് മടങ്ങിയത്.