ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയതോ? കുഞ്ഞിനെ അമ്മ വിഡിയോ കോളിലൂടെ അച്ഛനെ കാണിച്ചെന്ന്
Mail This Article
ആലപ്പുഴ∙ ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവത്തിൽ മാതാവ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) ആശുപത്രി വിട്ടശേഷം വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പ്രസവിച്ച ശേഷം കുഞ്ഞിനെ പിതാവ് തോമസ് ജോസഫി(24)നു വിഡിയോ കോളിലൂടെ ഡോണ കാണിച്ചു കൊടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അപ്പോൾ ജീവൻ ഉണ്ടായിരുന്നെന്നാണു സൂചന. 24 മണിക്കൂറിനു ശേഷമാണു കുഞ്ഞിനെ തകഴിയിൽ പാടവരമ്പത്ത് തോമസും സുഹൃത്ത് തകഴി സ്വദേശി അശോക് ജോസഫും ചേർന്നു മറവു ചെയ്തത്. മരണം സംഭവിക്കാവുന്ന രീതിയിൽ കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്ന ജാമ്യമില്ലാ കുറ്റമാണു റിമാൻഡിലുള്ള 3 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
തോമസിനെയും അശോകിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ആലപ്പുഴ ജില്ലാ ജയിലിലുള്ള പ്രതികളെ ഇന്നു കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണു സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ഡോണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. രഹസ്യമായി വീട്ടിൽ പ്രസവിച്ച യുവതി രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടിയപ്പോഴാണു പ്രസവ വിവരം പുറത്തായത്. ഡോണയ്ക്ക് അണുബാധയും വിളർച്ചയുമുണ്ട്.
കുഞ്ഞിന്റെ ആന്തരാവയവങ്ങൾ തിരുവനന്തപുരത്തെ കെമിക്കൽ ലാബിലേക്കും ഫൊറൻസിക് ലാബിലേക്കും വിശദ പരിശോധനയ്ക്ക് അയച്ചു. പ്രസവിച്ച മുറിയിൽ നിന്നു ലഭിച്ച രക്തക്കറയുടെ സാംപിൾ, കുഞ്ഞിന്റെ ഡിഎൻഎ എന്നിവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മറവു ചെയ്തു നാലു ദിവസം കഴിഞ്ഞു പുറത്തെടുക്കുമ്പോൾ ജഡം ജീർണിച്ചിരുന്നു. അതിനാൽ കൊലപ്പെടുത്തിയതാണോ എന്നു കണ്ടെത്താൻ പോസ്റ്റ്മോർട്ടം അപര്യാപ്തമായി. അതിനാലാണു ആന്തരാവയവ പരിശോധന നടത്തുന്നത്. കൊലപാതകമെന്നു തെളിഞ്ഞാൽ നരഹത്യ കുറ്റം ചുമത്തും. ഗർഭസ്ഥശിശുവിനു നൽകേണ്ട കരുതൽ ഡോണയിൽ നിന്നുണ്ടായിട്ടില്ലെന്നു യുവതി പോഷകാഹാരങ്ങളും വിശ്രമവുമെല്ലാം ഒഴിവാക്കിയതും കുറ്റകരമാണെന്നും പൊലീസ് പറഞ്ഞു.
ഡോണയുടെയും തോമസ് ജോസഫിന്റെയുംഫോൺവിവരം പരിശോധിക്കുന്നു
പൂച്ചാക്കൽ ∙ ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവത്തിൽ പ്രതികളായ ഡോണയുടെയും ആൺസുഹൃത്ത് തോമസ് ജോസഫിന്റെയും മൊബൈൽ ഫോൺ ആശയവിനിമയം പൊലീസ് പരിശോധിക്കുന്നു. പ്രസവത്തിനു ദിവസങ്ങൾക്കു മുൻപു തോമസ് ജോസഫും ഡോണയും ചിലരോടു പണം കടം ചോദിച്ചെന്ന സൂചന ലഭിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഇവരുടെ കൂടുതൽ ഫോൺവിളികളും ചാറ്റുകളും പൊലീസ് പരിശോധിക്കും. ഡോണയുടെ ജോലി പരിശീലന കാലത്തെ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഡോണ വിദേശത്തു ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. പ്രസവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഡോണ യാത്രകളും മറ്റും നടത്തിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ലെന്നും പൊലീസ് പറഞ്ഞു.
തകഴിയിൽ പാടശേഖരത്തിലെ പുറംബണ്ടിൽ കുഞ്ഞിനെ മറവു ചെയ്ത ശേഷം ചെളിയും പോളയും തേങ്ങയും മണ്ണും മീതേ ഇട്ടു. പൊലീസ് പുറത്തെടുക്കുമ്പോൾ ഏതാണ്ട് പൂർണമായി അഴുകിയ നിലയിലായിരുന്നു ജഡം. പ്രസവിച്ച ഉടൻ ബോധം പോയെന്നും പിന്നീടാണു ബാക്കി കാര്യങ്ങൾ ചെയ്തതെന്നും ഡോണ പറഞ്ഞതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡോണയെ കസ്റ്റിയിൽ വാങ്ങി മൊഴികളിൽ വ്യക്തത വരുത്തും. പാണാവള്ളിയിലെ വീട്ടിൽ തെളിവെടുപ്പും നടത്തും.