കോളജ് കന്റീനിലെ മെനു കാർഡിൽ സണ്ണി ലിയോണി, അക്കോസേട്ടൻ, ദുൽഖർ ടീ, ടൊവിനോ പരിപ്പ്...
Mail This Article
ആലപ്പുഴ∙ കോളജ് കന്റീനിലേക്കു കയറിയെത്തിയ കുട്ടി ഓർഡർ ചെയ്തു ‘‘രണ്ടു തിമോത്തി അൽബാനി, ഒരു ദുൽഖർ ടീ’’– സംഭവം ഉഴുന്നുവടയും ചായയുമാണ്. ആലപ്പുഴ എസ്ഡി കോളജ് കന്റീനിലെ മെനു കാർഡ് ഇന്നലെ വ്യത്യസ്തമായിരുന്നു; അതുപോലെ തന്നെ കച്ചവടക്കാരും. ഒരു ദിവസത്തേക്കു കോളജിലെ പിജി ആൻഡ് റിസർച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിനു കീഴിലെ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (ഇഡി) ക്ലബ്ബിലെ ബികോം ഒന്നും മൂന്നും വർഷ വിദ്യാർഥികൾ കന്റീൻ നടത്തിപ്പുകാരായി മാറുകയായിരുന്നു.
കന്റീൻ നടത്തിപ്പുകാരന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ചു കന്റീൻ അവധിയാണെന്ന് അറിയിച്ചതോടെയാണു കുട്ടികൾ കച്ചവടം ഏറ്റെടുത്തത്. ആദ്യമേ കന്റീനും പരിസരവും വൃത്തിയാക്കി. തുടർന്നാണു ദുൽഖർ ടീ, ടൊവിനോ പരിപ്പ് (പരിപ്പുവട), സണ്ണി ലിയോണി (കേസരി), തിമോത്തി അൽബാനി, അക്കോസേട്ടൻ (ഉണ്ണിയപ്പം) തുടങ്ങിയ കൗതുകം നിറഞ്ഞ മെനു പുറത്തിറക്കിയത്. കൊമേഴ്സ് വിഭാഗം മേധാവി ഡോ. കെ.എസ്.വിനീത് ചന്ദ്രയാണു പേരുകൾ നിർദേശിച്ചത്. കന്റീൻ ചുവരുകളിൽ ട്രെൻഡിങ് ഡയലോഗുകൾ പതിക്കുകയും ചെയ്തു. കുട്ടികൾ വീടുകളിൽ നിന്നു തയാറാക്കി എത്തിച്ച പലഹാരങ്ങളാണു കന്റീനിൽ വിറ്റത്.
ബിരുദ പഠനം പൂർത്തിയാകുമ്പോൾ സംരംഭകരാകാനുള്ള പരിശീലനമാണ് ഇഡി ക്ലബ്ബിലൂടെ നൽകുന്നത്. സ്വയം ഒരു സംരംഭം നടത്തിയുള്ള പരിശീലനം കിട്ടാൻ കൂടിയാണു കന്റീൻ നടത്തിപ്പ് ഏറ്റെടുത്തതെന്നു ക്ലബ്ബിന്റെ കോഓർഡിനേറ്റർ എസ്.അശ്വതി, ജോയിന്റ് കോഓർഡിനേറ്റർ എസ്.ലക്ഷ്മി എന്നിവർ പറഞ്ഞു.
‘ഫ്രൈഡേ സെയിൽ’ എന്ന പേരിൽ വെള്ളിയാഴ്ചകളിൽ കോളജ് അങ്കണത്തിൽ വിദ്യാർഥികൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും അതിലൂടെ വരുമാനം കണ്ടെത്താനുമുള്ള അവസരവും ഇഡി ക്ലബ് ഒരുക്കുന്നുണ്ട്. തയ്യൽ യൂണിറ്റും ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.