ഫാമുകളിൽ നിലവിലുള്ള ബ്രോയ്‌ലർ കോഴികളെ എന്തുചെയ്യും? പ്രഖ്യാപനം വൈകിച്ചത് കർഷകരുടെ നഷ്ടം കൂട്ടി

Mail This Article
ആലപ്പുഴ∙ ജില്ലയിൽ പക്ഷിവളർത്തൽ നിയന്ത്രിച്ചുള്ള പ്രഖ്യാപനം വൈകിച്ചതു കർഷകരുടെ നഷ്ടം കൂട്ടി. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാത്തതിനാൽ പലരും പുതിയ കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയപ്പോഴാണു നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനമെത്തിയത്. ഇതോടെ നിലവിൽ ജില്ലയിലുള്ള വളർത്തുപക്ഷികളെയും കുഞ്ഞുങ്ങളെയും മുട്ടയും എന്തുചെയ്യുമെന്നാണ് ആശങ്ക.സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും കേന്ദ്ര മൃഗസംരക്ഷണ വകുപ്പും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളം കഴിഞ്ഞാണു സർക്കാർ വിജ്ഞാപനമിറക്കിയത്.
മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി മൂന്നു മാസത്തിനുശേഷം പക്ഷികളെ വളർത്താൻ അനുമതി നൽകിയിരുന്നു. ഇത്തവണ പക്ഷികളെ വളർത്താമെന്നോ നിയന്ത്രണം ഏർപ്പെടുത്തിയെന്നോ അറിയിപ്പ് ഇല്ലാഞ്ഞതിനാൽ മൂന്നു മാസത്തിനു ശേഷം പലരും പുതിയ കോഴി, താറാവ് കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചു.രോഗബാധിത മേഖലയിൽ പുതിയ കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചെന്നു ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ഇറക്കാത്തതിനാൽ നടപടിയെടുക്കുകയോ വളർത്തുപക്ഷികൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാനായില്ല.
നിലവിൽ ജില്ലയിലുള്ള രണ്ടു ലക്ഷത്തോളം താറാവുകളുടെ മുട്ട അതതു മേഖലയിൽ മാത്രമേ ഉപയോഗിക്കാനാകൂ. നിരീക്ഷണ മേഖലയ്ക്കു പുറത്തേക്കു കൊണ്ടുപോകാനാകില്ലെന്നതിനാൽ മുട്ടയ്ക്കു വില ലഭിക്കില്ല. ഫാമുകളിൽ നിലവിലുള്ള ബ്രോയ്‌ലർ കോഴികളെ എന്തുചെയ്യുമെന്ന ആശങ്കയുമുണ്ട്. ഇവയെ കൊന്ന് ഭക്ഷണത്തിന് ഉപയോഗിക്കാനായേക്കില്ല. ഇനിയും മൂന്നു മാസത്തോളം ഇവയെ വളർത്തി വിൽക്കുന്നതു വൻ നഷ്ടമാകുമെന്നു കോഴിക്കർഷകരും പറയുന്നു.