ADVERTISEMENT

പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവത്തിന്റെ വേദന വിവരിച്ച് കുഞ്ഞിന്റെ മൃതദേഹം ആംബുലൻസിലേക്ക് എത്തിച്ച പൊലീസ് ഓഫിസറുടെ ഫെയ്സ്ബുക് കുറിപ്പ്...

പൂച്ചാക്കൽ ∙ ലോകത്തേക്ക് തുറക്കും മുൻപേ മിഴിയടഞ്ഞുപോയ പൈതലിന്റെ ശരീരം ആദ്യം കണ്ടപ്പോഴേ ചങ്കിനകത്തൊരു കൊള്ളിയാൻ മിന്നിയിരുന്നു... പള്ളിപ്പുറത്ത് കഴിഞ്ഞയാഴ്ച ചോരക്കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാം പ്രതി രതീഷിന്റെ വീട്ടിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ആംബുൻസിലേക്ക് എത്തിച്ച പൊലീസ് ഓഫിസറുടെ ഫെയ്സ്ബുക് പോസ്റ്റ് മനോവേദനയുടെ നേർസാക്ഷ്യമായി. ചേർത്തല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സതീഷ് കടക്കരപ്പള്ളിയാണ് ഫെയ്സ്ബുക്കിൽ അന്നത്തെ അനുഭവം കുറിച്ചത്. 

‘കുഞ്ഞിനെ കാണാനില്ലെന്ന വിവരം ലഭിച്ച മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി അവരെ ചോദ്യം ചെയ്തപ്പോൾ കേട്ടത് സമാനതകളില്ലാത്ത ക്രൂരത. എങ്കിലും ഒട്ടും പതറാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഓഫിസർമാർക്കൊപ്പം, മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി പ്രതി പറഞ്ഞ ശുചിമുറിക്കു സമീപമെത്തി.  വാതിലിനപ്പുറം ഇളംപൈതലിന്റെ നിശ്ചല ദേഹം കണ്ടപ്പോൾ കരളൊന്നു പിടഞ്ഞെങ്കിലും ആദ്യാവസാനം  ഇൻക്വസ്റ്റ് നടപടികൾക്കൊപ്പം നിന്നു.

എല്ലാം കഴിഞ്ഞ്  കുഞ്ഞിന്റെ മൃതശരീരം ആരെടുക്കുമെന്ന ചോദ്യമുയർന്നപ്പോൾ ഒട്ടും മടി തോന്നിയില്ല, അവിടെ നിന്നു കിട്ടിയ വെള്ള മുണ്ടിൽ പൊതിഞ്ഞെടുത്ത തണുത്ത് മരവിച്ച ദേഹം നെഞ്ചോട് ചേർക്കുമ്പോൾ തോന്നിയ നിർവികാരത മാറാൻ സമയമൊരുപാടെടുത്തു.’ ഇങ്ങനെ തുടരുന്ന കുറിപ്പ് ‘ജനിച്ചതും മരിച്ചതും എന്തിനെന്നറിയാതെ മണ്ണിലലിഞ്ഞവനേ, നിനക്ക് പിൻഗാമികൾ ഉണ്ടാകാതിരിക്കട്ടെ’ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

English Summary:

Senior Civil Police Officer Sateesh Kadakarappally's heartfelt Facebook post about transporting the body of an abandoned infant found buried in Pallippuram, Kerala has resonated with readers across social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com