ചേർത്തല നഗരസഭയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്: നവംബറിൽ പണി പൂർത്തിയാകും
Mail This Article
ചേർത്തല∙ റീബിൽഡ് കേരളയിൽ പദ്ധതിയിൽ ചേർത്തല നഗരസഭ പരിധിയിൽ നിർമിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നവംബറിൽ ഉദ്ഘാടനം ചെയ്യും. ചേർത്തല നഗരസഭ ആനതറ വെളിയിൽ നിർമിക്കുന്ന പ്ലാന്റിന്റെ 75 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. മൂന്നു ഘട്ടങ്ങളായുള്ള കോൺക്രീറ്റിങ്ങിന്റെ ഒന്നാം ഘട്ടവും അടുത്തയിടെ പൂർത്തിയാക്കി. ഇൗ മാസം രണ്ടാംഘട്ടവും അടുത്തമാസം മൂന്നാംഘട്ടവും പൂർത്തിയാക്കും. തുടർന്നു പ്രവർത്തനം തുടങ്ങാൻ കഴിയും.
പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട് ഏറെ തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ടെങ്കിലും നഗരസഭയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നടത്തിയ പരിശ്രമമാണു നിർമാണം മുന്നോട്ടുകൊണ്ടുപോയത്. മുംബൈ ആസ്ഥാനമായ ഐയോൺക്സ് എൻവിറോ ടെക്കിന്റെ നേതൃത്വത്തിലാണു പ്ലാന്റ് നിർമാണം പുരോഗമിക്കുന്നത്. പ്ലാന്റിൽ ദിവസേന 250 കിലോലീറ്റർ വരെ ശുചിമുറി മാലിന്യം സംസ്കരിക്കാൻ കഴിയും. ചേർത്തല നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ശുചിമുറി മാലിന്യം സംസ്കരിക്കാൻ പ്ലാന്റിനു സാധിക്കും.