ADVERTISEMENT

ആലപ്പുഴ∙ ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ആലപ്പുഴയിലേക്കു കൂടുതൽ സർവീസുകളുമായി കർണാടക ആർടിസിയും കെഎസ്ആർടിസിയും. ഇന്നു ബെംഗളൂരുവിൽ നിന്നു കർണാടക ആർടിസി ആലപ്പുഴയിലേക്ക് അധിക സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് 2,583 രൂപയാണു നിരക്ക്. ഓണത്തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്നു തൃശൂർ ഭാഗത്തേക്ക് അധിക ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് 3 ബസുകളും ചേർത്തലയിൽ നിന്ന് ഒരെണ്ണവുമാകും അധിക സർവീസ് നടത്തുക. തിരക്കിനനുസരിച്ചു കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. അതേസമയം ജില്ലയിൽ നിന്നോ ജില്ലയിലേക്കോ കെഎസ്ആർടിസിയുടെ ദീർഘദൂര പ്രത്യേക സർവീസുകളില്ല. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ദീർഘദൂര ബസുകളാണു ജില്ലയ്ക്കും ആശ്രയം. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ: 0477 2252501

കേരളത്തിലേക്ക് ഇന്ന് 2 ഐരാവത് എസി സെമി സ്ലീപ്പർ സർവീസുകൾ 
കർണാടക ആർടിസി ഇന്നു കേരളത്തിലേക്കു രണ്ട് അധിക സർവീസുകൾ കൂടി നടത്തും. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണിത്. ബെംഗളൂരു ബിഎൻപിസി ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാണു രണ്ടു ബസുകളും പുറപ്പെടുന്നത്. കർണാടക ആർടിസിയുടെ ഐരാവത് ക്ലാസ് എസി സെമി സ്ലീപ്പർ ബസുകളാണു രണ്ടു റൂട്ടിലും സർവീസ് നടത്തുക. ബെംഗളൂരു– തിരുവനന്തപുരം ബസ് ഇന്നു വൈകിട്ട് 4.15നും ബെംഗളൂരു– ആലപ്പുഴ ബസ് രാത്രി 7.45നും പുറപ്പെടും.

ഓണക്കാലത്തെ മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്തു കെ.സി.വേണുഗോപാൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയോടു പ്രത്യേക സർവീസുകൾ നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയും ഇന്നുമായി ഏകദേശം 60 കർണാടക ആർടിസി ബസുകളാണു കേരളത്തിലേക്കു പ്രത്യേക സർവീസ് നടത്തുക. ഇവയുടെ കർണാടകയിലേക്കുള്ള ഷെഡ്യൂളുകൾ പിന്നീട് നിശ്ചയിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

This article provides information on additional bus services to Alappuzha for the Onam festival. Both Karnataka RTC and KSRTC are operating extra buses from various locations like Bengaluru and Cherthala to accommodate the rush.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com