നിർമാണം 60 കോടി രൂപ ചെലവിൽ: കരുവാറ്റ കുപ്പപ്പുറം റോഡിൽ പടഹാരം പാലം നിർമാണം അവസാനഘട്ടത്തിലേക്ക്
Mail This Article
കുട്ടനാട് ∙ പടഹാരം പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. തകഴി നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പൂക്കൈതയാറിനു കുറുകെ നിർമിക്കുന്ന പാലം ഡിസംബറിൽ പൂർത്തിയാകുന്ന രീതിയിലാണു ജോലികൾ പുരോഗമിക്കുന്നത്. കേരളീയ വാസ്‌തു ശൈലിയിൽ 6 വാച്ച് ടവറുകൾ, മുകളിൽ വിശാലമായ 2 വരി പാത, പാലത്തിനു താഴെ കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയിൽ നടപ്പാത എന്നവയടക്കം വ്യത്യസ്ഥമായ രൂപകൽപനയിലാണു പാലം നിർമിക്കുന്നത്.2016–17ലെ ബജറ്റിൽ കിഫ്ബിയിൽ അനുവദിച്ച 60 കോടി രൂപ ചെലവഴിച്ചാണു കരുവാറ്റ കുപ്പപ്പുറം റോഡിൽ പാലം നിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണു നിർമാണം. 2019ൽ നിർമാണം ആരംഭിച്ചു. 45 മീറ്റർ നീളത്തിൽ 3 സ്‌പാനും 35 മീറ്റർ നീളത്തിലുള്ള 6 സ്‌പാനും 12 മീറ്ററുള്ള 9 സ്‌പാനുമാണു പാലത്തിനുള്ളത്.
രൂപകൽപനയിലെ പ്രത്യേകതയാണു പടഹാരം പാലത്തെ ആകർഷകമാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു പാലത്തിന് ഇത്തരത്തിലുള്ള രൂപകൽപന. 2 നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണു പൊതുമരാമത്തു ഡിസൈൻ വിഭാഗം രൂപരേഖ തയാറാക്കിയത്. മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ നിലയിൽ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളിൽ സന്ദർശകർക്കു പൂക്കൈത ആറിന്റെ സൗന്ദര്യം ആസ്വദിച്ചു വിശ്രമിക്കാം.
അപ്രോച്ച് റോഡിന്റെയും പെയിന്റിങ് അടക്കമുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണു നിലവിൽ പൂർത്തിയാകാനുള്ളത്. അപ്രോച്ച് റോഡിന്റെ മെറ്റലിങ് പുരോഗമിക്കുന്നു. ഡിസംബർ വരെ സമയമുണ്ടെങ്കിലും ഒക്ടോബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണു ശ്രമം. നിലവിൽ നിർമാണ കരാർ കമ്പനിയുടെ വലിയ വാഹനങ്ങളും നാട്ടുകാരുടെ ഇരുചക്ര വാഹനങ്ങളും പാലത്തിലൂടെ കയറ്റി വിടുന്നുണ്ട്.
എസി റോഡിനെയും അമ്പലപ്പുഴ തിരുവല്ല റോഡിനെയും വേഗത്തിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. പടഹാരം പാലവും കരുവാറ്റ ലീഡിങ് ചാനലിൽ നിർമിക്കുന്ന പാലവും പൂർത്തിയായാൽ തോട്ടപ്പള്ളിയിൽ നിന്നുള്ള ബൈപാസ് റോഡായി നെടുമുടി കരുവാറ്റ റോഡ് മാറും. ഈ പാലത്തിനൊപ്പം ഫണ്ട് അനുവദിച്ച കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. കാവാലം പാലത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ടെൻഡർ നടപടികൾ ഉടൻ നടക്കുമെന്നാണു പ്രതീക്ഷ.