ഓണത്തിരക്കിനെ കുരുക്കിലാക്കി ഉയരപ്പാത നിർമാണം; അരൂർ–ചന്തിരൂർ ഭാഗത്ത് അറ്റകുറ്റപ്പണി, കുഴികൾ അടയ്ക്കും
Mail This Article
തുറവൂർ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ–തുറവൂർ പാതയിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കാൻ കരാറുകാരനും എൻഎച്ച്ഐയ്ക്കും കർശന നിർദേശം. ഓണക്കാലത്തെ തിരക്കുമൂലം ഗതാഗതക്കുരുക്കു വർധിച്ചതോടെ മന്ത്രി പി.പ്രസാദ്, കലക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ ചേർന്ന അടിയന്തര യോഗത്തിലാണു നിർദേശം. അരൂർ, ചന്തിരൂർ ഭാഗങ്ങളിലെ കുഴികൾ ഇന്നുമുതൽ അടയ്ക്കും. ആദ്യഘട്ടമായി നിലവിൽ ഗതാഗതക്കുരുക്കു രൂക്ഷമായതും റോഡ് തകർന്നു കുഴികൾ കൂടുതലുള്ളതുമായ ഭാഗങ്ങൾ നികത്തുന്നതിനാണു തീരുമാനം. അഴുക്കു അടിഞ്ഞതു മൂലം നീരൊഴുക്കു തടസ്സപ്പെട്ട ചന്തിരൂർ പുത്തൻതോട് അടിയന്തരമായി വൃത്തിയാക്കാനും മന്ത്രി കരാറുകാർക്കും എൻഎച്ച്ഐയ്ക്കും നിർദേശം നൽകി.
തോട്ടിലെ അഴുക്കു നീക്കി ഒഴുക്ക് സാധ്യമാകുന്നതോടെ ദേശീയപാതയിലെ വെള്ളക്കെട്ടും ചെളിയും നീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.സി.വേണുഗോപാൽ എംപി, ദലീമ ജോജോ എംഎൽഎ, അരൂർ, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റുമാർ, കരാറുകാർ, എൻഎച്ച്ഐ ഉദ്യോഗസ്ഥർ, ദേശീയപാത ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ ഡി.സി.ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണത്തിരക്കിനെ കുരുക്കിലാക്കി ഉയരപ്പാത നിർമാണം
തുറവൂർ∙ ഒാണത്തിരക്കിനെ കുരുക്കിലാക്കി ഉയരപ്പാത നിർമാണം. ഇന്നലെയും അരൂർ ബൈപാസ് കവലയിൽ നിന്നു അരൂർ–തുറവൂർ പാതയിൽ വൻഗതാഗതക്കുരുക്ക്. കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രികരെ കുമ്പളം ടോൾ കഴിഞ്ഞാൽ സ്വീകരിക്കുന്നതു മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കാണ്. ഇന്നലെ വൈകിട്ട് 2.5 കിലോമീറ്ററുള്ള അരൂർ കുമ്പളം പാലം കടന്നുകിട്ടാൻ വേണ്ടിവരുന്നത് ഒരുമണിക്കൂർ. ബൈപാസ് കവലയിൽ നിന്നു അരൂർ ക്ഷേത്രം കവല വരെ 750 മീറ്റർ സഞ്ചരിക്കാൻ വേണ്ടിവന്നതു 28 മിനിറ്റ്. ബൈപ്പാസ് കവല മുതൽ യാത്രികരെ കാത്തിരിക്കുന്നതു വൻ തകർന്ന റോഡ്.
ബാരിക്കേഡിൽ ഇടിച്ച് ലോറി മറിഞ്ഞു
തുറവൂർ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ ജംക്‌ഷനു തെക്കുവശം ലോറി ഇരുമ്പ് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞു. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നു ഹരിപ്പാട്ടേക്കു പോകുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് കിഴക്കേപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഉയരപ്പാത നിർമാണത്തിനു ഉപയോഗിക്കുന്ന ക്രെയിൻ കൊണ്ടാണു ലോറി പാതയിൽ നിന്നു നീക്കിയത്.