കാടിനു നടുവിൽ ചെറിയനാട് റെയിൽവേ സ്റ്റേഷൻ; റോഡ് നന്നാക്കും, കാട് തൊടില്ല
Mail This Article
ചെങ്ങന്നൂർ ∙ ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നവീകരണത്തിന് അനുമതി ലഭിച്ചെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചതായി പഞ്ചായത്തംഗം എം.രജനീഷ് പറഞ്ഞു. അതേസമയം സ്റ്റേഷൻ പരിസരത്തെ കാടു വെട്ടിത്തെളിക്കാനോ വിളക്കുകൾ നന്നാക്കാനോ നടപടിയില്ലാത്തതു ട്രെയിൻ യാത്രക്കാർക്കു ദുരിതമായി. സ്റ്റേഷനിലെ ടിക്കറ്റ് വിൽപനയുടെ ചുമതലയുള്ള ഹാൾട്ട് ഏജന്റിനെ കഴിഞ്ഞ ദിവസം ആറംഗസംഘം മർദിച്ചിരുന്നു. സ്റ്റേഷനിലേക്കുള്ള റോഡ് ഏറെക്കാലമായി തകർന്നു കിടക്കുകയാണ്. കുഴികൾ നിറഞ്ഞ റോഡിലൂടെ മഴക്കാലത്തു ഏറെ പണിപ്പെട്ടാണു യാത്ര ചെയ്യുന്നത്.
സമീപത്തെ ഇരുപതോളം വീട്ടുകാരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. റോഡ് നവീകരിക്കുന്നതിൽ റെയിൽവേ എൻജിനീയറിങ് വിഭാഗവുമായി നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തതായി എംപി അറിയിച്ചു. റോഡ് നവീകരണത്തിനൊപ്പം ചെറിയനാട് റെയിൽവേ സ്റ്റേഷനിലുള്ള ലെവൽ ക്രോസിന്റെ അറ്റകുറ്റപ്പണികളും ഉടൻ ആരംഭിക്കുമെന്ന് എംപി അറിയിച്ചതായി രജനീഷ് പറയുന്നു.
എന്നാൽ സ്റ്റേഷൻ പരിസരം കാടുകയറി കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്. ആവശ്യത്തിനു വെളിച്ചമില്ലാത്തതും ദുരിതമാകുന്നു. മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എളുപ്പത്തിൽ രക്ഷപ്പെടാൻ സ്റ്റേഷൻ പരിസരം തിരഞ്ഞെടുക്കാറുണ്ട്. പൊലീസിന്റെയും ആർപിഎഫിന്റെയും ശ്രദ്ധ പതിയാത്തതും അക്രമികൾക്കു തുണയാണ്. അടിയന്തരമായി സ്റ്റേഷൻ പരിസരം വൃത്തിയാക്കാനും ആവശ്യത്തിനു വിളക്കുകൾ സ്ഥാപിക്കാനും നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.