ചെങ്ങന്നൂരമ്മയ്ക്കു തൃപ്പൂത്താറാട്ട്; തൊഴുതു പുണ്യം നേടി ആയിരങ്ങൾ
Mail This Article
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരമ്മയ്ക്കു മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്താറാട്ട്, കണ്ടു തൊഴുതു പുണ്യം നേടാനെത്തിയത് ആയിരങ്ങൾ. രാവിലെ തൃപ്പൂത്തറയിൽ നിന്നു ദേവിയെ മിത്രപ്പുഴക്കടവിലേക്ക് എഴുന്നള്ളിച്ചു. കടവിൽ ആറാട്ടിനു ശേഷം പനിനീര്, മഞ്ഞൾപ്പൊടി, ഇളനീർ, പാൽ, എണ്ണ എന്നിവയാൽ അഭിഷേകവും തുടർന്നു നിവേദ്യവും നടത്തി. ക്ഷേത്രത്തിലേക്കു തിരികെ നടന്ന ആറാട്ടു ഘോഷയാത്രയ്ക്കു വഴിയിലുടനീളം നിറപറയും നിലവിളക്കും ഒരുക്കി ഭക്തർ സ്വീകരണം നൽകി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കടന്നപ്പോൾ ശ്രീപരമേശ്വരനെ പുറത്തേക്കെഴുന്നള്ളിച്ചു.
ദേവകൾ ക്ഷേത്രപ്രദക്ഷണം പൂർത്തിയാക്കി അകത്തെഴുന്നള്ളിയ ശേഷം ഇരുനടകളിലും കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.പടിഞ്ഞാറെ നടയിൽ ഭക്തർ നെൽപറയും മഞ്ഞൾപ്പറയും സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ പങ്കെടുത്തു. ആറാട്ടുദിനം മുതൽ 12 ദിവസം ഭക്തർക്കു ഹരിദ്രപുഷ്പാഞ്ജലി നടത്താനുള്ള സൗകര്യമുണ്ട്.
ആചാരപ്പെരുമയിൽ ആദ്യ തൃപ്പൂത്താറാട്ട്
മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ, ആചാരപ്രകാരം കേണൽ മൺറോ നടയ്ക്കു വച്ച തിരുവാഭരണങ്ങളായ പനന്തണ്ടൻ വളകളും ഒഢ്യാണവും ആറാട്ടിനു ശേഷം ദേവിക്കു ചാർത്തി. ദേവനു തങ്ക നിലയങ്കിയും ചാർത്തി. ബ്രിട്ടിഷ് ഭരണകാലത്ത് ആറാട്ട് ചെലവുകൾക്കുള്ള പടിത്തരം ഭരണാധികാരിയായിരുന്ന മൺറോ വെട്ടി ചുരുക്കിയിരുന്നു.
തുടർന്ന് ഭാര്യയ്ക്ക് രോഗപീഡകൾ ഉണ്ടാവുകയും പ്രായശ്ചിത്തമായി പടിത്തരം പുനഃസ്ഥാപിക്കുകയും തിരുവാഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തെന്നാണു വിശ്വാസം. മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്താറാട്ടിന്റെ ചെലവുകൾക്കായി ദേവസ്വത്തിൽ മൺറോ പണം നിക്ഷേപിക്കുകയും ചെയ്തു. ഈ തുകയുടെ പലിശയെടുത്താണ് ആദ്യ തൃപ്പൂത്ത് ചെലവുകൾ നടത്തിയത്.