'വന്ദേഭാരത് പോയ ശേഷം ഒരു മെമു അനുവദിക്കണം'; തിങ്ങിനിറഞ്ഞ് യാത്രികർ, മുഖംതിരിച്ച് റെയിൽവേ
Mail This Article
കായംകുളം ∙ ട്രെയിൻ മാർഗം രാവിലെ എറണാകുളത്ത് പോയി ജോലി ചെയ്യുന്നവർ യഥാസമയം ജോലിസ്ഥലത്ത് എത്താൻ കഴിയാതെ ദുരിതമനുഭവിക്കുമ്പോഴും റെയിൽവേ പ്രശ്നത്തിൽ ഇടപെടാതെ മുഖം തിരിക്കുന്നു. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസുകളിൽ ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. ഐടി കമ്പനികളിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് ഏറെപ്പേരും.
കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തണമെങ്കിൽ രാവിലെ കായംകുളത്ത് നിന്നു വന്ദേഭാരത് പോയ ശേഷം ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കായംകുളത്ത് നിന്ന് വന്ദേഭാരത് പുറപ്പെട്ട ശേഷം മെമു അനുവദിച്ചാൽ യാതൊരു സാങ്കേതിക തടസ്സങ്ങളും ഉണ്ടാവില്ല. രാവിലെ തിരുവനന്തപുരത്തുനിന്നു എറണാകുളത്തേക്കുള്ള ആദ്യ ട്രെയിനായ വേണാട് എക്സ്പ്രസിൽ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ട്രെയിനിൽ കയറാൻ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സ്റ്റേഷൻ സിഗ്‌നൽ ലഭിച്ചാലും ഗാർഡിന് ഗ്രീൻ സിഗ്നൽ കൊടുക്കാൻ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.
വന്ദേഭാരത് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് രാവിലെ മുളന്തുരുത്തിയിൽ അരമണിക്കൂറോളം പിടിക്കുന്നതും യാത്രക്കാർ നേരിടുന്ന മറ്റൊരു ദുരിതമാണ്. പിടിച്ചിടുമ്പോൾ വായുസഞ്ചാരമില്ലാത്ത തിങ്ങിനിറഞ്ഞ കോച്ചുകളിൽ യാത്രക്കാർ സമ്മർദ്ദത്തിലാകുന്നതും പതിവാണ്. പാലരുവി എക്സ്പ്രസ് കൊല്ലത്ത് നിന്ന് 10 മിനിറ്റ് നേരത്തെ പുറപ്പെടുന്ന വിധം ക്രമീകരിച്ചത് വന്ദേഭാരതിന് വേണ്ടിയാണ്.
ഇപ്പോൾ 10 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് ഇറങ്ങുകയും 30 മിനിറ്റ് വഴിയിൽ കിടക്കേണ്ട അവസ്ഥയുമാണ് യാത്രക്കാർക്ക്. വേണാട് എക്സ്പ്രസ് പലപ്പോഴും 9.30 ന് ശേഷമാണ് തൃപ്പൂണിത്തുറയിൽ എത്തുന്നത്. പിന്നീട് മെട്രോയിലും ബസിലും കയറി ഓഫിസുകളിൽ എത്തുമ്പോൾ പഞ്ചിങ് സമയം കഴിയുന്നതും യാത്രക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്.