തകഴി ലവൽ ക്രോസ് ഇന്നുമുതൽ വീണ്ടും അടയ്ക്കുന്നു
Mail This Article
അമ്പലപ്പുഴ ∙ അറ്റകുറ്റപ്പണിക്കായി തകഴി ലവൽ ക്രോസ് ഇന്നു രാവിലെ മുതൽ നാളെ വൈകിട്ട് വരെ വീണ്ടും അടച്ചിടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ലവൽക്രോസ് അടച്ചിടുന്നത്. കഴിഞ്ഞ മാസങ്ങളിലും രണ്ടുതവണ വീതം ലവൽക്രോസ് അടച്ചിരുന്നു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും ബുദ്ധിമുട്ട് പരിഗണിക്കാതെ റെയിൽവേ ഇവിടെ ജോലികൾ വൈകിക്കുകയാണെന്നാണു നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ 26ന് രാവിലെ 8ന് അടച്ച ലവൽക്രോസ് 28ന് രാത്രി വൈകിയാണു തുറന്നു കൊടുത്തത്. പാളത്തിനിടയിലെ മെറ്റൽ നിരത്തിയെങ്കിലും ടാറിങ് പൂർത്തിയാക്കിയില്ല. ഇതു കൂടാതെ ക്രോസ് ഇറങ്ങി വരുന്ന ഭാഗത്തു മെറ്റൽ കൂനയിൽ അടിഭാഗം തട്ടി വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്നു മുതൽ അടയ്ക്കുന്നത്.
ലവൽ ക്രോസ് അടയ്ക്കുന്നതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നതു ബസ് യാത്രക്കാരാണ്. ക്രോസ് അടച്ചിടുന്ന ദിവസം ആലപ്പുഴ നിന്നു സർവീസ് നടത്തുന്ന ബസുകൾ തകഴി ആശുപത്രി ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവല്ലയിൽ നിന്നു വരുന്ന ബസുകൾ തകഴി ക്ഷേത്രം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും. ബസിറങ്ങിയ ശേഷം അര കിലോമീറ്റർ ദൂരം നടന്നാണ് യാത്രക്കാർ മറുഭാഗത്തെ ബസിൽ കയറി യാത്ര തുടരുന്നത്. ക്രോസ് അടയ്ക്കുമ്പോൾ വഴിതിരിച്ചു വിടുന്ന കരുമാടി പടഹാരം റോഡ് തകർന്ന നിലയിലാണ്. ഇവിടെ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണു പരുക്കേൽക്കുന്നതും പതിവായി.