മാക്കേക്കടവ്– നേരേകടവ് പാലം രണ്ടാമത്തെ സ്പാൻ സ്ഥാപിക്കാൻ ഒരുക്കം
Mail This Article
പൂച്ചാക്കൽ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം പുനരാരംഭിച്ച ശേഷമുള്ള രണ്ടാമത്തെ സ്പാൻ സ്ഥാപിക്കാൻ ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ലോഞ്ചിങ് ഗർഡർ സ്ഥാപിച്ചു. കോൺക്രീറ്റ് ചെയ്ത ഗർഡറുകൾ യന്ത്ര സംവിധാനത്തിൽ ലോഞ്ചിങ് ഗർഡറിലൂടെ കയറ്റിയാണ് പൈലുകൾക്കിടെ സ്ഥാപിക്കുന്നത്. ഗർഡറുകളുടെ കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. ഒരു സ്പാനിൽ 4 ഗർഡറുകളാണ് ചേർക്കുക. 35 മീറ്റർ നീളവും 80 ടൺ ഭാരവുമാണ് ഒരു ഗർഡറിനുള്ളത്. മാക്കേക്കടവിൽ കരയിലെ ആദ്യത്തെ സ്പാൻ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. പുനർനിർമാണം തുടങ്ങിയ ശേഷം രണ്ടാമത്തെ സ്പാൻ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
6 വർഷം മുൻപ് നിർമാണം തുടങ്ങിയപ്പോൾ കായലിനു മധ്യത്തിൽ രണ്ടു നാവിഗേഷൻ സ്പാനുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് വിവിധ കാരണങ്ങളാൽ വർഷങ്ങളോളം നിലച്ച നിർമാണമാണ് പുനരാരംഭിച്ചത്. നിലവിൽ 10 ഗർഡറുകൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഒരു ഗർഡർ കോൺക്രീറ്റ് ചെയ്താൽ ഉറയ്ക്കാൻ ഒരു മാസത്തോളം സമയമെടുക്കും. അതിനു ശേഷമാണ് സ്ഥാപിക്കാനാകുക. പാലത്തിൽ ആകെ 80 ഗർഡറുകളാണ് നിർമിക്കാനുള്ളത്. ഇവയെല്ലാം മാക്കേക്കടവിൽ തന്നെ കരയിലാണ് നിർമിക്കുക.