എടിഎമ്മിൽ കവർച്ചാ ശ്രമം; അലാം മുഴങ്ങിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു
Mail This Article
വള്ളികുന്നം ∙ കാഞ്ഞിരത്തുംമൂട് ജംക്‌ഷനിലെ എസ്ബിഐയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം. കവർച്ചയ്ക്കിടെ അലാം മുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇവിടുത്തെ ശാഖയോട് ചേർന്നുള്ള എടിഎമ്മിൽ മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് മെഷീൻ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങി. ഇതോടെ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ഷർട്ടിനു പുറത്ത് ജാക്കറ്റും മുഖം മൂടിയും തൊപ്പിയും ധരിച്ച് സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. ദൃശ്യങ്ങൾ എടിഎമ്മിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അലാം മുഴങ്ങുയതിനോപ്പം എസ്ബിഐയുടെ കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും ചെയ്തു. തുടർന്ന് വിവരം അറിഞ്ഞ് വള്ളികുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എട്ട് വർഷം മുൻപും ഈ എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നിരുന്നു.