പുനർനിർമാണം: വെള്ളാപ്പള്ളിപ്പാലം 3ന് പൊളിക്കും; പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Mail This Article
ആലപ്പുഴ ∙ പുനർനിർമാണത്തിനായി വെള്ളാപ്പള്ളിപ്പാലം നാളെ പൊളിക്കും. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാലത്തിന് ഇരുവശത്തും താൽക്കാലിക ബണ്ടുകൾ നിർമിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകാവുന്ന തരത്തിൽ 7.5 മീറ്റർ വീതിയിൽ ശവക്കോട്ടപ്പാലത്തിന്റെ മാതൃകയിലാണ് പുതിയ പാലത്തിന്റെ നിർമാണം. കാൽനട യാത്രക്കാർക്കായി പാലത്തിന് ഇരുവശത്തും ഒരു മീറ്റർ വീതമുള്ള നടപ്പാതയും നിർമിക്കും. 12 സ്പാനോടു കൂടി 13.5 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിനടിയിലൂടെ ബോട്ടുകൾക്ക് സഞ്ചരിക്കാവുന്ന തരത്തിൽ തൂണുകൾ ഒഴിവാക്കിയാണ് നിർമാണം.
വർഷങ്ങളായി പാലം ശോച്യാവസ്ഥയിലായിരുന്നു. പാലത്തിന്റെ കൈവരികൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ വിദ്യാർഥികൾ അടക്കം ഒട്ടേറെപ്പേരാണു പാലത്തെ ആശ്രയിച്ചിരുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ ചുറ്റിക്കറങ്ങിയാണ് യാത്രക്കാർ മറുകര കടക്കുന്നത്. നഗരത്തിലെ പോപ്പി, ആറാട്ടുവഴി പാലത്തിനൊപ്പം വെള്ളാപ്പള്ളി പാലത്തിന്റെയും നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഫെബ്രുവരി 29നായിരുന്നു പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ നിർമാണോദ്ഘാടനം. മന്ത്രി സജി ചെറിയാനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
ഇരു പാലങ്ങളുടെയും ഇരു വശങ്ങളിലും താൽക്കാലിക ബണ്ടുകൾ നിർമിച്ച് നിർമാണം പുരോഗമിക്കുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്. മഴ ശക്തമായതോടെ ബണ്ട് നിർമിച്ച എഎസ് കനാലിലെ നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി. തുടർന്നു താൽക്കാലിക ബണ്ടുകൾ പൊളിച്ചുമാറ്റേണ്ടി വന്നു. ആറാട്ടുവഴി പാലത്തിന്റെ പണികൾ ആരംഭിച്ചെങ്കിലും പോപ്പി പാലം പണി ആരംഭിച്ചിട്ടില്ല. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ എഎസ് കനാലിൽ പോള വാരൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊളിച്ചു നീക്കിയ താൽക്കാലിക ബണ്ട് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.