ആലപ്പുഴ നഗരത്തിൽ ശുദ്ധജലം നിലച്ചിട്ട് 2 നാൾ
Mail This Article
ആലപ്പുഴ∙ നഗരത്തിൽ രണ്ട് ദിവസമായി ശുദ്ധജല വിതരണം നിലച്ചു. മുല്ലയ്ക്കൽ, തിരുമല, പള്ളാത്തുരുത്തി, വഴിച്ചേരി, പാലസ് വാർഡുകളിൽ ശുദ്ധജലം കിട്ടാതെ ജനങ്ങൾ വലയുന്നതായി കൗൺസിലർമാർ പറഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ജലവിതരണം മുടക്കിയത്. ഞായർ രാവിലെ മുതൽ വീട്ടിലെ പൈപ്പ് കണക്‌ഷനിൽ ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്നു മുല്ലയ്ക്കൽ ശ്രീറാം മന്ദിറിനു സമീപം അന്നപൂർണ മന്ദിരത്തിൽ മുരുകദാസ് പറഞ്ഞു. ജല അതോറിറ്റി നടത്തിവന്ന പഴവങ്ങാടി ആർഒ പ്ലാന്റിൽ നിന്നു വെള്ളം ലീറ്ററിനു 50 പൈസ പ്രകാരം ലഭിച്ചിരുന്ന കാര്യം മുരുകദാസ് അനുസ്മരിച്ചു.
പക്ഷേ അമൃത് പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലും കണക്‌ഷൻ ലഭിച്ചെന്ന കാരണത്താൽ ആർഒ പ്ലാന്റ് നിർത്തിയിട്ട് 4 വർഷം കഴിയുന്നു. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാർ മാത്രമാണ് ഇപ്പോൾ ആർഒ പ്ലാന്റിൽ. സ്വകാര്യ ആർഒ പ്ലാന്റിൽ നിന്നു ലീറ്ററിനു ഒരു രൂപ പ്രകാരം വെള്ളം വാങ്ങിയാണ് അത്യാവശ്യ കാര്യങ്ങൾക്ക് എടുത്തതെന്നും മുരുകദാസ് പറഞ്ഞു.
ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലങ്ങൾ അധികം ഉള്ളതിനാൽ പാലസ് വാർഡിൽ പൈപ്പ് ജലത്തെ മാത്രമാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഞായർ രാവിലെ ശുദ്ധജലം മുടങ്ങിയപ്പോൾ മുതൽ വീട്ടുകാർ അങ്കലാപ്പിലായി. ഇന്നലെ രാവിലെയും വെള്ളം എത്താതിരുന്നതിനാൽ പഠിക്കാൻ പോകേണ്ട മക്കളെയും കൊണ്ട് വീട് മാറിയ കുടുംബങ്ങൾ ഉണ്ടെന്നു പാലസ് വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ പറഞ്ഞു.
പഴവങ്ങാടി പമ്പ് ഹൗസിന്റെ വാൽവ് തകരാറായ വിവരം ജലവിതരണം നിലച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അറിഞ്ഞതെന്നു മുല്ലയ്ക്കൽ വാർഡ് കൗൺസിലർ എം.ജി.സതീദേവി പറഞ്ഞു. ഉടൻ ജലഅതോറിറ്റിയെ അറിയിച്ചു. രണ്ട് ദിവസം നഗരത്തിൽ ജലവിതരണം നിലച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സംഭരണിയിൽ നിറയുന്ന വെള്ളം ഓരോ വാർഡിലേക്കും വിതരണം ചെയ്യുന്നത് വാൽവ് തിരിച്ച് വച്ചിട്ടാണ്. ആ വാൽവ് ആണ് തകരാറായത്. തകരാർ പരിഹരിച്ചാൽ തന്നെയും എല്ലാ വാർഡിലും ജലം എത്തിച്ചേരാൻ സമയമെടുക്കുമെന്നും സതീദേവി പറഞ്ഞു.