നിർമാണം പൂർത്തിയായി 2ാം ദിവസം കലുങ്കിന്റെ പാർശ്വഭിത്തി തകർന്നു
Mail This Article
മാന്നാർ ∙നിർമാണം പൂർത്തിയായി 2ാം നാളിൽ പെയ്ത കനത്ത മഴയിൽ കലുങ്കിന്റെ പാർശ്വഭിത്തി തകർന്നു കുഴി രൂപപ്പെട്ടു. മാന്നാർ പഞ്ചായത്ത് 10 ാം വാർഡിൽ മൃഗാശുപത്രിക്കു പടിഞ്ഞാറ് മുട്ടേൽ– ചിറയ്ക്കൽ റോഡിലെ ചിറയ്ക്കൽ കലുങ്കിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് കരിങ്കല്ലു കൊണ്ടു പിച്ചിങ് കെട്ടിയത്. വെള്ളിയാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിൽ റോഡിന്റെ തിട്ട മുതൽ പിച്ചിങ് വരെയുള്ള ഭാഗത്തെ മണ്ണു മുഴുവൻ ഒലിച്ചു പുതിയ കരിങ്കൽ കെട്ടും തകർത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഒന്നര ലക്ഷം രൂപയുടെ നിർമാണം കൂടാതെ അധികമായ രണ്ടു ചെറിയ പ്രവൃത്തികൾ വഴിയും ഇവിടെ മണ്ണിട്ടു നികത്തുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. അതു വരുന്നതിനു മുൻപാണ് റോഡിന്റെ പാർശ്വഭിത്തി മഴവെള്ളത്തിൽ തകർന്നത്. മഴ ശക്തി പ്രാപിച്ചു മണ്ണൊലിപ്പുണ്ടായാൽ റോഡ് കൂടുതൽ കുഴിയാൻ സാധ്യതയേറെയാണെന്നും കാട്ടി ഇവിടത്തെ പഞ്ചായത്തംഗം രാധാമണി ശശീന്ദ്രൻ പഞ്ചായത്ത് എഇയ്ക്ക് പരാതി നൽകി. പഞ്ചായത്തിന്റെ നിർദേശ പ്രകാരം കരാറുകാരൻ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി താമസിക്കാതെ മണ്ണിട്ടു നികത്തി പാത ഗതാഗതയോഗ്യമാക്കാമെന്നു പറഞ്ഞതായി രാധാമണി അറിയിച്ചു.