ഉയരപ്പാത നിർമാണം: നിലത്തുവീണ പൈലിങ് യന്ത്രത്തിലെ ഇരുമ്പ്ദണ്ഡ് നീക്കിത്തുടങ്ങി; ഗതാഗത തടസ്സം
Mail This Article
തുറവൂർ∙ നിലംപതിച്ച പൈലിങ് യന്ത്രത്തിന്റെ ഇരുമ്പ്ദണ്ഡ് നീക്കുന്ന ജോലി തുടങ്ങി. ഉയരപ്പാത നിർമാണത്തിന് തൂണുകൾ സ്ഥാപിക്കാൻ ഭൂമി തുരക്കുന്ന യന്ത്രത്തിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് കഴിഞ്ഞ സെപ്റ്റംബർ 8ന് രാത്രിയിലാണ് റോഡിനു കുറുകെ വീണത്. ചന്തിരൂർ പാലത്തിന്റെ തെക്കുഭാഗത്തെ അപ്രോച്ച് റോഡിനു കുറുകെയാണ് സംഭവമുണ്ടായത്. പൈലിങ്ങിനായി കുഴിയെടുത്ത സ്ഥലത്തോടു ചേർന്ന് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡ് നീക്കാനുള്ള ജോലിയുടെ ഭാഗമായി ഇന്നലെ ഗതാഗതനിയന്ത്രണം ഉണ്ടായി.
വൈറ്റില, തോപ്പുംപടി ഭാഗത്തേക്കുള്ള വാഹനങ്ങൾ എരമല്ലൂർ കൊച്ചുവെളി കവലയിൽ നിന്നു തിരിഞ്ഞ് റോഡിന്റെ കിഴക്കു ഭാഗത്തു കൂടിയാണ് ഇന്നലെ സഞ്ചരിച്ചത്. ആലപ്പുഴ, ചേർത്തല ഭാഗത്തേക്കുള്ള വാഹനങ്ങൾ ചന്തിരൂർ പഴയപാലം റോഡിലൂടെ തിരിച്ചു വിട്ടു. ഇന്നലെ ഉയരപ്പാത നിർമാണസ്ഥലത്ത് പല ഭാഗങ്ങളിലും ഏറെനേരം ഗതാഗത തടസ്സമുണ്ടായി.യന്ത്രങ്ങൾ നിർമാണ സൈറ്റിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്താണ് ഗതാഗതം തടസ്സപ്പെടുത്തുന്നത്. വെൽഡിങ് നടക്കുന്ന സ്ഥലത്തും ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്.