ജലാശയങ്ങളിൽ പോള നിറഞ്ഞു നീരൊഴുക്കു നിലച്ചു; നീലംപേരൂരിൽ ജനം ദുരിതത്തിൽ
Mail This Article
കുട്ടനാട് ∙ ജലാശയങ്ങളിൽ പോള നിറഞ്ഞു നീരൊഴുക്കു നിലച്ചതോടെ ജനങ്ങൾ ദുരിതത്തിൽ. നീലംപേരൂർ പഞ്ചായത്ത് 7-ാം വാർഡിലെ പയറ്റുപാക്ക ഇരുപത്തിനാലിൽ ജംക്‌ഷൻ മുതൽ കിഴക്കേ ചേന്നങ്കരി വരെയുള്ള തോടും നാരകത്തറ ഗവ. യുപി സ്കൂൾ മുതൽ കൃഷ്‌ണപുരം വരെയുള്ള തോടും ആണു നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ശുദ്ധജലം കിട്ടാക്കനിയായ നാട്ടിൽ പൊതു ജലാശയത്തിലെ വെള്ളമാണു പ്രദേശവാസികൾ പ്രധാനമായും ഉപയോഗിക്കുന്നത്.
തോട്ടിൽ പോള നിറഞ്ഞു നീരൊഴുക്കു നിലച്ചതോടെ പൊതു ജലാശയത്തിലെ വെള്ളവും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. പയറ്റുപാക്ക കണിയാന്തറ ഭാഗത്തു താമസിക്കുന്ന 15 കുടുംബങ്ങൾക്കു വെള്ളത്തിലും കരയിലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. കഴിഞ്ഞ ദിവസം പ്രദേശത്തു മരിച്ച വയോധികയുടെ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്നാണു വാഹന സൗകര്യം ഉള്ള സ്ഥലത്ത് എത്തിച്ചു സംസ്കാര നടപടികൾക്കായി കുറിച്ചിയിലേക്കു കൊണ്ടു പോയത്.
തോട്ടിൽ പോള ഇല്ലായിരുന്നെങ്കിൽ വള്ളത്തിൽ കയറ്റി മൃതദേഹം റോഡ് സൗകര്യം ഉള്ള സ്ഥലത്ത് എത്തിക്കാൻ സാധിക്കുമായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കൂടാതെ ചിങ്ങങ്കരി കോതകരി, കിളിയങ്കാവ് വടക്ക് എന്നീ പാടശേഖരത്തിന്റെ സമീപത്തുകൂടിയാണ് തോടുകൾ കടന്നു പോകുന്നത്. തോട്ടിൽ പോള നിറഞ്ഞതിനാൽ കർഷകർക്കു കൃഷിക്ക് ആവശ്യമുള്ള സാധനങ്ങൾ കൃഷിയിടത്തിൽ എത്തിക്കാനും ബുദ്ധിമുട്ടു നേരിടുന്നുണ്ട്. ഇരു പാടശേഖരങ്ങളുടെയും പുറംബണ്ടിൽ താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങളെയും തോട്ടിലെ പോള പ്രതിസന്ധിയിലാക്കുന്നു. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു തോട്ടിലെ പോള നീക്കം ചെയ്തു ആഴം കൂട്ടി നീരൊഴുക്കു സുഗമമാക്കണം എന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.