തീരമേഖലയുടെ ഉപജീവനം മുടക്കി കായൽ നിറയെ കണ്ണീർപോള...
Mail This Article
ചേർത്തല∙ വേമ്പനാട്– കൈതപ്പുഴ കായലുകളിൽ ഇടത്തോടുകളിലും പോള നിറയുന്നതോടെ മത്സ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. തണ്ണീർമുക്കം മുതൽ അരൂക്കുറ്റി വരെയുള്ള വേമ്പനാട് കായൽ തീരദേശത്തും അരൂക്കുറ്റി മുതൽ തെക്കോട്ട് കൈതപ്പുഴ കായൽ തീരങ്ങളെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. കായൽ തീരങ്ങളിലും ഇടത്തോടുകളിലും പോള നിറയുന്നതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പോലും തൊഴിലാളികൾക്ക് കഴിയാതെ വരുന്നു.
വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്ന് ഇടത്തോടുകളിൽ പോള കയറുന്നതിനാൽ മത്സ്യത്തൊഴിലാളികൾ വള്ളം ഇറക്കാൻ കഴിയാതെ വരുന്നു. തിങ്ങിനിറഞ്ഞ പോള തള്ളിനീക്കി വള്ളം കൊണ്ടുപോകാൻ മണിക്കൂറുകൾ വേണ്ടിവരുന്നു. നീട്ടു വലയിടുമ്പോഴും ഊന്നി കെട്ടുമ്പോഴുമെല്ലാം വലക്കണ്ണികളിൽ കുടുങ്ങിയ പോള നീക്കാൻ കഴിയാതെ വല നശിച്ചുപോകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പോള നിറഞ്ഞതോടെ കായലിൽ കക്കാ വാരി ഉപജീവനം നടത്തുന്ന തൊഴിലാളികളും വലിയ ബുദ്ധിമുട്ട് നേരിടുന്നു.
വേമ്പനാട്– കൈതപ്പുഴ കായലിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടു സർവീസുകളെയും പ്രതികൂലമായി ബാധിക്കുന്നു. പോള നിറയുന്നതോടെ ബോട്ട് സർവീസ് ഉപേക്ഷിക്കേണ്ടി വരുന്നു. ബോട്ടു ജെട്ടികളിൽ പോള നിറഞ്ഞു കിടക്കുമ്പോൾ ബോട്ടുകൾ അടുപ്പിക്കാൻ കഴിയാതെ വരുന്നു. കടത്തു വള്ളങ്ങൾ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന പ്രദേശങ്ങളിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. കായൽ കാഴ്ചകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയ ചെറുകിട കായൽ ടൂറിസം സംരംഭകരും വലിയ പ്രതിസന്ധിയിലാണ്. വലിയ സാമ്പത്തികം മുടക്കിയാണ് ടൂറിസം സംരംഭം ആരംഭിച്ചത്. വഞ്ചിവീട്, ശിക്കാര വള്ളം, സ്പീഡ് ബോട്ട് തുടങ്ങിയവയിൽ സഞ്ചാരികളുമായി കായലിൽ സവാരി നടത്താൻ കഴിയാതെ വരുന്നു.
എൻജിനുകളിൽ പോള കുടുങ്ങുന്നതിൽ കായൽ യാത്രകൾ ഒഴിവാക്കേണ്ടി വരുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് കായലുകളിലേക്ക് തള്ളിവിടുന്ന പോളയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴ്ചകളോളം തൊഴിൽ ചെയ്യാൻ കഴിയാതെ വരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ധീവരസഭ ചേർത്തല താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കൃഷ്ണാലയം, സെക്രട്ടറി സുരേഷ് കരിയിൽ എന്നിവർ അറിയിച്ചു.