തുറക്കാറായി ആലപ്പുഴ നഗരത്തിന്റെ നാൽപാലം; മുപ്പാലം പൊളിച്ചു പണിയുന്ന ജോലി അന്തിമഘട്ടത്തിൽ
Mail This Article
ആലപ്പുഴ ∙ മുപ്പാലം പൊളിച്ച് നാൽപാലമാക്കുന്ന ജോലി അന്തിമഘട്ടത്തിൽ. നാൽപാലത്തിന്റെ നിർമാണം 95% ശതമാനം പൂർത്തിയായി. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തീകരിച്ച് ജനുവരി ആദ്യവാരം ഉദ്ഘാടനം നടത്താനാണ് ശ്രമം. അപ്രോച്ച് റോഡുകളുടെ നിർമാണവും പാലത്തിന്റെ ഫിനിഷിങ് വർക്കും പെയിന്റിങ്ങുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അപ്രോച്ച് റോഡിൽ മണ്ണിടുന്ന ജോലി നടക്കുകയാണ്. തുടർന്ന് മെറ്റലിങ്ങും ടാറിങ്ങും നടക്കും. തുടർന്ന് നടപ്പാതയിൽ ടൈൽ വിരിക്കും.
പാലത്തിന്റെ വൈദ്യുതീകരണത്തിന് നിലവിലെ പ്രോജക്ടിൽ ഫണ്ടില്ല. അതിന് അധിക തുക കണ്ടെത്താൻ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണ്. 2020 ഓഗസ്റ്റിലാണ് മുപ്പാലം പൊളിച്ച് നാൽപാലം നിർമിക്കാൻ നടപടി ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, സർക്കാർ ബിൽ മാറി നൽകാതിരുന്നതും നിർമാണവസ്തുക്കളുടെ ക്ഷാമവും നിമിത്തം നിർമാണം ഇഴഞ്ഞു.
23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള നാലാമതൊരു പാലവും ഉൾപ്പെടുന്നതാണ് നാൽപാലം. 17.44 കോടി രൂപയാണ് നിർമാണ ചെലവ്. ബ്രിട്ടിഷ് ഭരണ കാലത്ത് നിർമിച്ച മുപ്പാലം സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് മുപ്പാലം പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
നിർമാണം പൂർത്തിയാകുന്നതോടെ നാൽപാലം കേന്ദ്രീകരിച്ച് വിനോദക്കാഴ്ചകൾ ഉറപ്പാക്കാനും പദ്ധതിയുണ്ട്. പണി തീരുമ്പോൾ നാലു ഭാഗത്തേക്കും കനാലിൽ ജലഗതാഗതവും കനാലിന്റെ എട്ടു കരകളിലൂടെ വാഹന ഗതാഗതവും സുഗമമാകും.