ചികിത്സപ്പിഴവെന്ന പരാതി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉന്നതതല സംഘമെത്തി
Mail This Article
ആലപ്പുഴ ∙ നവജാതശിശുവിന്റെ അസാധാരണ വൈകല്യങ്ങൾ ഗർഭാവസ്ഥയിൽ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പ് അഡിഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷണം തുടങ്ങി. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലും ആലപ്പുഴ വനിത, ശിശു ആശുപത്രിയിലുമെത്തി ഡോ. മീനാക്ഷി വിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസം സർക്കാരിനു റിപ്പോർട്ട് നൽകും. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ. മീനാക്ഷിയും മെഡിക്കൽ സംഘത്തിലെ മറ്റു മൂന്നുപേരും പരിശോധിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടു വിവരങ്ങൾ ചോദിച്ചു. ഗൈനക് തിയറ്റർ, ലേബർ റൂം എന്നിവിടങ്ങളിലെ ഫയലുകളും സംഘം പരിശോധിച്ചു.
ആരോപണം നേരിടുന്ന 2 സ്വകാര്യ ലാബുകളിലും സംഘം പരിശോധന നടത്തി. വനിത, ശിശു ആശുപതിയിലെ ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടി. ഡിഎംഒ ഓഫിസിലെത്തി ചർച്ചകളും നടത്തി. കുഞ്ഞിന്റെ വൈകല്യങ്ങൾ ലഘൂകരിക്കാനുള്ള തെറപ്പി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധ സംഘം നിർദേശങ്ങൾ നൽകും. മെഡിക്കൽ സംഘം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നു കുഞ്ഞിന്റെ പിതാവ് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് എം.മുഹമ്മദ് പറഞ്ഞു. തുടർപരിശോധന ആലപ്പുഴയിൽ തന്നെ നടത്താൻ സൗകര്യമൊരുക്കുമെന്ന് അവർ ഉറപ്പു നൽകി. തുടർചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷയെന്നും അനീഷ് പറഞ്ഞു.
അലയടിച്ച് പ്രതിഷേധം
ആലപ്പുഴ∙ ഗർഭസ്ഥശിശുവിന്റെ അസാധാരണ വൈകല്യം കണ്ടെത്താൻ കഴിയാതെവന്ന സംഭവത്തിൽ ഇന്നലെ പ്രതിഷേധം. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ശിശു ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ ആരോപണം നേരിടുന്ന മിഡാസ്, ശങ്കേഴ്സ് ലാബുകളിലേക്ക് ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോലവുമായി പ്രതീകാത്മകമായി കൈക്കുഞ്ഞുങ്ങളെയും കയ്യിലേന്തി വനിതാ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ആശുപത്രിയുടെ മുന്നിൽ പൊലീസ് തടഞ്ഞു.
ആശുപത്രി ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം വീണ്ടും പ്രവർത്തകർ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസുമായി സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സംസ്ഥാന ഭാരവാഹികളായ ഉഷാ സദാനന്ദൻ, സുജ ജോൺ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സീനത്ത് നാസർ, ശ്രീലത എന്നിവരടക്കമുള്ള പത്തോളം പ്രവർത്തകരെ രണ്ടു വാഹനങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിലെത്തിച്ചു.
ഗതാഗത തടസ്സമുണ്ടാക്കിയതിന് കേസെടുത്ത ശേഷം ഇവരെ വൈകിട്ടോടെ വിട്ടയച്ചു. മിഡാസ്, ശങ്കേഴ്സ് ലാബുകളിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മിഡാസ് ലാബിന്റെ വെളിയിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജി.ശ്രീജിത്ത്, സെക്രട്ടറി അനീഷ് കുര്യൻ, ട്രഷറർ നിഥിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.