നഗരസഭ ശുചീകരണ വിഭാഗം: 81 ജീവനക്കാരെ സ്ഥിരപ്പെടുത്തി; മോഷണക്കേസിൽ പുറത്താക്കിയ ജീവനക്കാരനെയും സ്ഥിരപ്പെടുത്താൻ നീക്കം
Mail This Article
ആലപ്പുഴ∙ നഗരസഭ ശുചീകരണ വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിയിൽ പ്രവേശിച്ച 81 പേരെ സ്ഥിരപ്പെടുത്തി. അഭിമുഖം, ശാരീരിക ക്ഷമത, പരീക്ഷ എന്നിവ നടത്തി കഴിഞ്ഞ വർഷം ജോലിക്ക് പ്രവേശിച്ച ഇവർ ഒരു വർഷം പൂർത്തീകരിച്ച ഘട്ടത്തിലാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് സ്ഥിര നിയമനം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. 204 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിൽ 81 പേരെ സ്ഥിരപ്പെടുത്തിയതിനു ശേഷം 36 ഒഴിവുകൾ കൂടി നികത്താനുണ്ട്. ഈ ഒഴിവുകൾ എംപ്ലോയ്മെന്റിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു.
അതേസമയം, 81 പേരുടെ നിയമനം സ്ഥിരപ്പെടുത്തുന്നതിനുള്ള കൗൺസിൽ അജണ്ടയ്ക്കൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെടാത്ത ഒരാൾക്ക് സ്ഥിര നിയമനം നൽകാനുള്ള കൗൺസിൽ നീക്കത്തിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇടതുപക്ഷ സർക്കാർ തന്നെ കൊണ്ടുവന്നിട്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം നഗരസഭയിലെ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണം എന്നിരിക്കെ കൗൺസിൽ അധികാരം ഉപയോഗിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെയും നിയമിക്കാം എന്ന നിലയിലാണ് കൗൺസിലിന്റെ അജണ്ടയെന്നു യുഡിഎഫ് കക്ഷി നേതാവ് റീഗോ രാജു പറഞ്ഞു.
മോഷണത്തിന്റെ പേരിൽ 3 മാസത്തേക്ക് നഗരസഭയിൽ നിന്നു പുറത്താക്കിയ വ്യക്തിക്ക് സ്ഥിര നിയമനം നൽകി തിരികെ എടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭ പടിക്കൽ ധർണ നടത്തിയത്. ധർണ യുഡിഎഫ് കക്ഷി നേതാവ് റീഗോ രാജു ഉദ്ഘാടനം ചെയ്തു. സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, സുമം സ്കന്ദൻ, ജി. ശ്രീലേഖ, ബിജി ശങ്കർ, പി.ജി. എലിസബത്ത്, അമ്പിളി അരവിന്ദ് എന്നിവർ പ്രസംഗിച്ചു.എംപ്ലോയ്മെന്റ് വഴിയല്ലാതെ നിയമിക്കപ്പെട്ട 5 പേർ ഹൈക്കോടതി വിധി നേടിയതിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇവരെയും സ്ഥിരമാക്കാൻ ശുപാർശ ചെയ്യാൻ അജണ്ടയുണ്ട്. ഈ നീക്കത്തെയും പ്രതിപക്ഷം എതിർത്തു.
കാർണിവൽ നഗരസഭയുടെ കർശന നിരീക്ഷണത്തിൽ
തുറമുഖ വകുപ്പിന്റെ അനുമതിയോടെ ബീച്ചിലും, നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലും ആരംഭിക്കുന്ന കാർണിവൽ പരിപാടികൾ നഗരസഭയുടെ കർശന നിരീക്ഷണത്തിൽ മാത്രമേ നടത്താൻ അനുവദിക്കൂ എന്നു കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ വർഷം ബീച്ചിൽ കാർണിവൽ നടത്തിയവർ മാലിന്യം കടപ്പുറത്ത് മൂടിയ സംഭവം ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള കരുതൽ ആരോഗ്യ വിഭാഗവും, എൻജിനീയറിങ് വിഭാഗവും സംയുക്തമായി പരിശോധന നടത്തി നിയമപരമായ നിലയിൽ മാത്രം ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിര സമിതി അധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്. കവിത, നസീർ പുന്നക്കൽ, എം.ജി. സതീദേവി, ആർ. വിനിത, സൗമ്യരാജ്, ഡി.പി. മധു, പി. രതീഷ്, മനു ഉപേന്ദ്രൻ, ഇല്ലിക്കൽ കുഞ്ഞുമോൻ, ബി.അജേഷ്, ബി.നസീർ, കെ.എസ്. ജയൻ എന്നിവർ പ്രസംഗിച്ചു.