പള്ളിപ്പുറം വടക്കുംകരയിൽ നടുറോഡിൽ പൈപ്പ് പൊട്ടി
Mail This Article
പൂച്ചാക്കൽ ∙ അരൂക്കുറ്റി – ചേർത്തല റോഡിൽ പള്ളിപ്പുറം വടക്കുംകര തയ്യേഴത്ത് കലിങ്കിനു സമീപം നടുറോഡിൽ ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി. ഇൗ സമയം വാഹനങ്ങൾ കടന്നുപോയെങ്കിലും ആർക്കും അപകടമില്ല. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡിസംബർ 4 വരെ ചേർത്തല നഗരസഭയിലും പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. രണ്ടു മാസം മുൻപ് പൈപ്പ് പൊട്ടിയതിനു സമീപമാണ് ഇന്നലെയും പൊട്ടിയത്. ഏറെനേരം ഗതാഗത തടസ്സമുണ്ടായി. വൈകാതെ പമ്പിങ് നിർത്തിയെങ്കിലും റോഡിൽ ലീറ്ററുകണക്കിനു ജലം നഷ്ടമായി. കരാറുകാരെത്തി റോഡിൽ സൂചന ബോർഡുകൾ സ്ഥാപിച്ച് അറ്റകുറ്റപണികൾക്കു തുടക്കമിട്ടു. നടുറോഡിൽ ആയതിനാൽ വലിയ ഗതാഗത പ്രതിസന്ധിയാണ് നിലവിലുള്ളത്. വാഹനങ്ങൾ വഴിതിരിഞ്ഞു പോകുന്നതിന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ പല വാഹനങ്ങളും ഇപ്പോൾ അരൂക്കുറ്റി – ചേർത്തല റോഡിലൂടെയാണ് കടന്നു പോകുന്നത്. വടക്ക് അരൂക്കുറ്റി ഭാഗത്തു നിന്നും ചേർത്തല ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒറ്റപ്പുന്ന കവലയിൽ നിന്നും വലത്തോട്ട് (പടിഞ്ഞാറ്) റോഡിൽ കയറി എംഎൽഎ റോഡ് വഴി പോകണമെന്നും തെക്ക് ചേർത്തല ഭാഗത്തും അരൂക്കുറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുനല്ലൂർ എൻഎസ്എസ് കോളജ് കവലയിൽ നിന്നും ഇടത്തോട്ട് (പടിഞ്ഞാറ്) റോഡിൽ കയറി എംഎൽഎ റോഡ് വഴി പോകണമെന്നുമാണ് നിർദേശം.