അസാധാരണ രൂപമാറ്റങ്ങളോടെ കുഞ്ഞു ജനിച്ച സംഭവം: വിവരങ്ങൾ ശേഖരിച്ച് ബാലാവകാശ കമ്മിഷൻ
Mail This Article
ആലപ്പുഴ∙ അസാധാരണ രൂപമാറ്റങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ജലജ ചന്ദ്രൻ കുട്ടിയുടെ വീട്ടിലെത്തി മാതാവ് സുറുമിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്ന ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി കമ്മിഷൻ മുൻപാകെ കുട്ടിയുടെ പിതാവ് പരാതി ബോധിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയ്ക്ക് പ്രത്യേക പരിഗണനയും, സഹായത്തിന് ഒരു ജീവനക്കാരനെയും അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്നു കമ്മിഷൻ ഉറപ്പു നൽകി.
ജില്ലാ ശിശു സംരക്ഷണ ഓഫിസർ ടി.വി. മിനിമോൾ, ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗവും ആലപ്പുഴ നഗരസഭ സ്ഥിര സമിതിയംഗവുമായ നസീർ പുന്നക്കൽ, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ.നാസർ, പ്രൈസ് മോൻ ജോസഫ്, ഷാജി ജമാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സമഗ്രമായ അന്വേഷണം വേണം: ഷാനിമോൾ
ആലപ്പുഴ ∙ അസാധാരണ രൂപ മാറ്റങ്ങളോടെ ജനിച്ച കുഞ്ഞിന്റെ വൈകല്യങ്ങൾ ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്താൻ കഴിയാതെ വന്നതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ചികിത്സകളും പരിശോധനകളും യഥാസമയം സർക്കാർ ചെലവിൽ ലഭിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.
സർക്കാർ സൗജന്യ ചികിത്സ നൽകുമെന്നു ഉറപ്പു നൽകിയിരുന്നെങ്കിലും യാതൊന്നും ലഭ്യമാക്കിയിട്ടില്ല. ചികിത്സയും മറ്റും ഏകോപിപ്പിക്കാൻ ഒരു ഡോക്ടറെ ചുമതലപ്പെടുത്തിയിട്ടില്ല. യാതൊരു പരിഗണനയും ആശുപത്രിയിൽ ലഭിച്ചില്ല. ഇന്നും നാളെയും കുഞ്ഞും അമ്മയും വിവിധ ചികിത്സകൾക്കായി മെഡിക്കൽ ആശുപത്രിയിൽ വരേണ്ടതാണ്. അപ്പോഴും ഇതാണ് സ്ഥിതിയെങ്കിൽ വല്ലാത്ത ദുരിതമാകുമെന്നും കുഞ്ഞിനെയും അമ്മയെയും വീട്ടിൽ സന്ദർശിച്ച ശേഷം ഷാനിമോൾ ഉസ്മാൻ കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.