ആദ്യം മുക്കി, പിന്നെ എടുത്തെറിഞ്ഞു; ‘മകൾക്ക് 28 വയസ്സായി, മകന് 22’, അവർ വളരുന്നുണ്ട് സജീവന്റെ ഓർമകളിൽ

Mail This Article
ആലപ്പുഴ∙ വലിയഴീക്കൽ തീരത്തു നിന്നു കടലിലേക്കു നീളുന്ന പുലിമുട്ടിലൂടെ നടക്കുമ്പോൾ ഓർമകളെ രാക്ഷസത്തിരകൾ കടപുഴക്കി സങ്കടങ്ങളിലേക്കു വലിച്ചെറിയും. പുലിമുട്ടിന്റെ ഒരു വശത്തെ കരിങ്കല്ലുകളിൽ നിറയെ സൂനാമി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ. ഓരോ കല്ലിലും ഓരോ മുഖങ്ങൾ. വർഷങ്ങൾക്കു മുൻപ് വരച്ച ആ ചിത്രങ്ങൾ മങ്ങിത്തുടങ്ങി, കാലം മായ്ച്ച മുറിവുകളുമായി തീരം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. പക്ഷേ ഓർമയുടെ തിരമാലകൾ വന്നു തൊടുമ്പോൾ ആ മുറിവുകൾ വീണ്ടും നീറിപ്പുകയും. കണ്ണുകൾ സങ്കടക്കടലാകും. 20 വർഷം മുൻപ് ഉയർന്ന നിലവിളികളുടെ മാറ്റൊലി കാതിൽ മുഴങ്ങും. ആറാട്ടുപുഴയിലും അന്ധകാരനഴിയിലുമുൾപ്പെടെ ആയിരക്കണക്കിനു തീരദേശ കുടുംബങ്ങളെ കണ്ണീരാഴ്ത്തിയ സൂനാമി ദുരന്തത്തിന് 20 വയസ്സ്.
2004 ഡിസംബർ 26ന് തീരം കടപുഴക്കിയ തിരമാലകൾ ജില്ലയിലെ തറയിൽക്കടവ്, വലിയഴീക്കൽ, പെരുമ്പള്ളി, അന്ധകാരനഴി ഗ്രാമങ്ങളെ വിഴുങ്ങി. കണ്ടു പരിചയിച്ച കടലിന്റെ മുഖം മാറുന്നതുകണ്ട് ഭയന്ന കടലോരം കണ്ണടച്ചു തുറക്കുന്നതിനു മുൻപേ സൂനാമിത്തിരമാലകൾ എല്ലാം അവസാനിപ്പിച്ചു. ആറാട്ടുപുഴ മേഖലയിൽ 29 പേരും അന്ധകാരനഴിയിൽ 7 പേരും മരിച്ചു. സർക്കാർ കണക്കു പ്രകാരം ജില്ലയിലാകെ 848 വീടുകൾ പൂർണമായും 1907 വീടുകൾ ഭാഗികമായും തകർന്നു. കൃഷി, മത്സ്യബന്ധനോപാധികൾ, വ്യാപാര, വാണിജ്യ സ്‌ഥാപനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങി മുൻപിൽ പെട്ടതെല്ലാം മായ്ച്ചുകളഞ്ഞാണു കലിയിളകിയ കടൽ പിൻവാങ്ങിയത്. കടലെടുത്ത ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തീരം പതിയെ തിരികെപ്പിടിച്ചു. എങ്കിലും ഡിസംബർ 26 ഇപ്പോഴും തീരത്തിനു കണ്ണീരോർമയാണ്.
ഗൗരിയമ്മയും തിരയിൽപ്പെട്ടു
അന്ധകാരനഴിയെ രക്ഷസത്തിരമാലകൾ കവരുകയായിരുന്നു. തന്റെ നാട്ടിലുണ്ടായ ദുരന്തവാർത്തയറിഞ്ഞ് അന്നു മന്ത്രിയായ കെ.ആർ.ഗൗരിയമ്മ സ്ഥലത്ത് എത്തിയിരുന്നു. ആദ്യ തിരമാലകൾക്കു ശേഷമായിരുന്നു സന്ദർശനം. അംഗരക്ഷകരും പൊലീസും മത്സ്യത്തൊഴിലാളികളും ഗൗരിയമ്മയെ വിലക്കിയെങ്കിലും കൂട്ടാക്കിയില്ല. ഗൗരിയമ്മയും സംഘവും നടന്ന് അന്ധകാരനഴി ലൈറ്റ്ഹൗസിനു സമീപമെത്തിയപ്പോൾ അടുത്ത തിരമാല പാഞ്ഞടുത്തു. പൊലീസും നാട്ടുകാരും ചേർന്ന് ഏറെ സാഹസികമായാണ് അന്നു ഗൗരിയമ്മയെ രക്ഷപ്പെടുത്തിയത്.

വീട് കിട്ടി, പാലങ്ങളും; പക്ഷേ ദുരിതം തീരുന്നില്ല
കടലിനും കായലിനുമിടയിലെ തുരുത്തു പോലെയാണ് ആറാട്ടുപുഴ. സൂനാമിത്തിരകൾ ആഞ്ഞടിച്ചപ്പോൾ രക്ഷപ്പെട്ടോടിയവർക്കു കായലിനക്കരെയെത്താൻ അന്നു പാലമുണ്ടായിരുന്നില്ല. സൂനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് കൊച്ചിയുടെ ജെട്ടിയിൽ പുതിയ പാലം നിർമിച്ചു. അന്ധകാരനഴിയിൽ തെക്കേപ്പാലം നിർമിച്ചു. സൂനാമി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കെല്ലാം സർക്കാരും സന്നദ്ധസംഘടനകളും ചേർന്നു വീടുകൾ നിർമിച്ചു നൽകി. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സന്നദ്ധസംഘടനകളുടെ ധനസഹായത്തോടെയായിരുന്നു നിർമാണം.
എന്നാൽ പല വീടുകളും നിർമാണത്തിലെ അശാസ്ത്രീയത മൂലം തകർന്നുതുടങ്ങിയെന്നു താമസക്കാർ പറയുന്നു. 3.5 സെന്റ് സ്ഥലവും വീടുമാണ് ഓരോ കുടുംബത്തിനും കിട്ടിയത്. വീട്ടിൽ ആരെങ്കിലും മരിച്ചാൽ സംസ്കരിക്കാൻ ഇവിടെ സ്ഥലമില്ല. സൂനാമി ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പുകളിലെ താമസക്കാർക്കായി പൊതുശ്മശാനം നിർമിച്ചു നൽകുമെന്നു വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ദുരന്തബാധിതർക്കു ജോലി നൽകാനായി തുറന്ന രാമഞ്ചേരിയിലെ ഫിഷ്മീൽ പ്ലാന്റ് അടച്ചുപൂട്ടി.
സൂനാമിദുരന്തത്തിൽ തകർന്ന അന്ധകാരനഴി ബീച്ച് പുനരധിവാസ ഫണ്ട് ഉപയോഗിച്ചു നവീകരിച്ചെങ്കിലും മത്സ്യത്തൊഴിലാളികളെ അവഗണിച്ചു ടൂറിസം വികസനത്തിനാണു കൂടുതൽ ഫണ്ട് ചെലവഴിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സൂനാമിഫണ്ട് ഉപയോഗിച്ച് അന്ധകാരനഴിയിൽ നിർമിച്ച കെട്ടിടങ്ങളും ബോട്ടുജെട്ടിയും എലിവേറ്റഡ് നടപ്പാതയുമെല്ലാം അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു. അന്ധകാരനഴിയിൽ സുനാമി ഫണ്ട് ഉപയോഗിച്ചു കോടികൾ ചെലവിട്ടു കെട്ടിടങ്ങൾ നിർമിച്ചെങ്കിലും പ്രവർത്തനമില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി.
അവർ വളരുന്നുണ്ട് സജീവന്റെ ഓർമകളിൽ
‘‘മകൾക്ക് 28 വയസ്സായി, മകന് 22’’– ഇരുപതു വർഷം മുൻപ് മരിച്ചുപോയ മക്കളെക്കുറിച്ചു ചോദിച്ചപ്പോൾ സജീവൻ പെട്ടെന്നു പറഞ്ഞു. പിന്നെ കണ്ണുതുടച്ചു. സൂനാമി വിഴുങ്ങുമ്പോൾ സജീവന്റെ മകൾ സയനയ്ക്ക് 8 വയസ്; മകൻ സായന്തിന് രണ്ടു വയസ്സും. ജീവിച്ചിരുന്നെങ്കിൽ അവർക്കിപ്പോൾ ഇത്ര വയസ്സുണ്ടായേനെ എന്നല്ല സജീവൻ പറഞ്ഞത്. ഇത്രയും വയസ്സായി എന്നാണ്. രണ്ടു മക്കളെ മാത്രമല്ല, ജീവിതപങ്കാളി ജയയെയും സൂനാമിത്തിരകൾ സജീവന്റെ ജീവിതത്തിൽ നിന്നു കവർന്നെടുത്തു. തറയിൽകടവ് പുത്തൻപറമ്പിൽ വീട്ടിൽ സജീവൻ മാത്രം ബാക്കിയായി.
അൽപം അകലെയുള്ള ക്ഷേത്രത്തിൽ പോയതായിരുന്നു സജീവൻ. ‘‘ദുരന്തവാർത്തയറിഞ്ഞു വീട്ടിലേക്കെത്താൻ ശ്രമിച്ചെങ്കിലും വഴികളെല്ലാം തിരകൾ കൊണ്ടുപോയിരുന്നു. എങ്ങനെയൊക്കെയോ കായലിനപ്പുറം കൊച്ചിയുടെ ജെട്ടിയിലെത്തി. തറയിൽ കടവ് പൂർണമായും തിരയെടുത്തെന്നും തീരത്തുണ്ടായിരുന്നവരെല്ലാം ദുരിതാശ്വാസക്യാംപുകളിലും ആശുപത്രികളിലുമാണെന്നും അറിഞ്ഞു. ഭാര്യയെയും മക്കളെയും തിരഞ്ഞു ക്യാംപുകൾ തോറും കയറിയിറങ്ങി. പിന്നെ കായംകുളത്തെ ആശുപത്രികളിലേക്ക്. ഒരിടത്തും വിവരമില്ല. ഞാൻ ബോധം കെട്ടു വീണു. എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു രാവിലെ ആശുപത്രി മുറ്റത്ത് ഒരു ആംബുലൻസെത്തി. അതിൽ ഇളയ മകന്റെ മൃതദേഹമായിരുന്നു.
എന്നെയും അതിൽ കയറ്റി. മറ്റൊരു ആശുപത്രിയിലേക്കു പോയി. അവിടെ മോർച്ചറിയിൽ വെള്ള പുതച്ചു മകളും ഭാര്യയും. പിന്നെയൊന്നും എന്റെ ഓർമയിലില്ല. അമ്പലപ്പുഴയിൽ ഭാര്യയുടെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകളെന്നും ഞാനാണു കർമങ്ങളെല്ലാം ചെയ്തതെന്നും പിന്നീട് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എനിക്ക് അതൊന്നും ഓർമ വരുന്നില്ല’’–നീറ്റലോടെ സജീവൻ പറഞ്ഞു. ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരെല്ലാം ക്യാംപുകളിലേക്ക് മാറിയപ്പോൾ സജീവൻ പോയില്ല. വീടിനു തൊട്ടടുത്ത പമ്പ്ഹൗസിൽ തനിച്ചു താമസിച്ചു. ഒരു വർഷത്തോളം മനസ്സു കൈവിട്ട നിലയിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു ഏറെ പണിപ്പെട്ടാണു സജീവനെ ജീവിതത്തിലേക്കു തിരികെ നടത്തിയത്. പിന്നീട് പുനർവിവാഹിതനായി, രണ്ടു പെൺമക്കൾ പിറന്നു. ദുരന്തബാധിതർക്കു സർക്കാർ നൽകിയ വീട്ടിലാണ് ആ കുടുംബം. വീടിന്റെ ചുമരിൽ ജയയുടെയും സയനയുടെയും സായന്തിന്റെയും പഴയ ചിത്രങ്ങളുണ്ട്. സജീവന്റെ മനസ്സിൽ പക്ഷേ അവർ ആ ചിത്രത്തിലുള്ളതിനെക്കാൾ വളർന്നിട്ടുണ്ട്.

ആദ്യം മുക്കി; പിന്നെ എടുത്തെറിഞ്ഞു
‘വീടിനെക്കാൾ ഉയർന്നുപൊങ്ങിയ തിരകൾ തീരത്തുള്ളവരെ കശക്കിയെറിഞ്ഞു. മൂന്നര കിലോമീറ്റർ അകലെയുള്ള കടവിലാണു ഞാൻ പോയി വീണത്’–സൂനാമിത്തിരകളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട തറയിൽകടവ് നങ്കശേരി എൻ.വി.വിജയന്റെ ഓർമകളിൽ ഇപ്പോഴും ആ തിരകളുടെ ഭീകരത. ‘‘തറയിൽകടവ് തീരത്തിനടുത്ത് മീൻ ഉണക്കാനിടുകയായിരുന്നു ഞങ്ങൾ. രാവിലെ മുതൽ കടൽ കയറുന്നുണ്ടായിരുന്നു. പെട്ടെന്നു കടൽ ഉള്ളിലേക്കു വലിഞ്ഞു. ആ ഭാഗത്ത് മീനുകൾ പിടയ്ക്കുന്നതു കണ്ട് വാരിയെടുക്കാൻ എല്ലാവരും ഓടി. പെട്ടെന്നാണു ഭീകരമായ ശബ്ദത്തോടെ തിരമാലകൾ ഉയർന്നത്. എല്ലാവരും വെള്ളത്തിനടിയിലായി. തിരയേറ്റു തകർന്ന ഒരു വള്ളത്തിന്റെ കഷണം എന്റെ നേർക്കുവന്നു. തല മാറ്റാൻ മനസ്സുപറയും മുൻപേ അടുത്ത തിര എന്നെ ദൂരേക്കു വലിച്ചെറിഞ്ഞു. തിരയടങ്ങിയപ്പോൾ ഞാൻ മൂന്നര കിലോമീറ്റർ അപ്പുറത്തുള്ള മണിവേലിൽക്കടവിൽ കിടക്കുകയാണ്.
കാലുകളിൽ നിറയെ മുറിവുകൾ. ആരൊക്കെയൊ പൊക്കിയെടുത്ത് കടവു കടത്തി കായംകുളത്തെ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചത്തെ ചികിത്സ വേണ്ടിവന്നു. ശക്തമായ തിരയിൽപെട്ട് ഒഴുകുമ്പോൾ തെങ്ങുകളിലും വൈദ്യുതിതൂണുകളിലും തലയിടിച്ചാണു പലരും മരിച്ചത്. തിരകളിൽ പെട്ടവരെല്ലാം കിഴക്കുള്ള കായലിലാണു ചെന്നു വീണത്. കായലിനപ്പുറം കടക്കാൻ പാലമില്ല. കടത്തുവള്ളങ്ങളെല്ലാം തകർന്നു. കിലോമീറ്ററുകൾ നടന്ന് അടുത്ത കടവിലെത്തിയ ആളുകളെ വള്ളങ്ങളിൽ മറുകരയിലെത്തിക്കുകയായിരുന്നു’’– വിജയന് ഒരിക്കലും മറക്കാനാകുന്നില്ല, ദുരിതങ്ങളുടെ ആ ദിവസം.
തിരമുറിച്ച വാത്സല്യക്കടൽ
വാത്സല്യമൂട്ടി വളർത്തിയ അമ്മ, ആ വാത്സല്യമെല്ലാം താൻ പകർന്നുകൊടുത്ത മകൾ; തറയിൽ കടവ് കുളത്തിന്റെ ചിറയിൽ പ്രസാദിന്റെ ജീവിതത്തിൽ നിന്നു രണ്ടു പേരെയും അടർത്തിയെടുത്തത് സൂനാമിത്തിരകളാണ്. പ്രസാദിന്റെ അമ്മ പ്രഭാവതിയും മൂന്നര വയസ്സുള്ള മകൾ ശ്രീനന്ദിനിയുമാണു ദുരന്തത്തിൽ മരിച്ചത്. ആർത്തിരമ്പുന്ന കടലിലേക്കു നോക്കി പ്രസാദ് ആ ദിവസം ഓർത്തെടുത്തു: ‘‘ജ്യേഷ്ഠന്റെ മകളുടെ വിവാഹനിശ്ചയത്തിന്റെ ചില ചടങ്ങുകൾ അന്നു വീട്ടിലുണ്ടായിരുന്നു. അതിനു ശേഷം ഞാൻ എന്റെ വീടുപണിയുടെ ആവശ്യങ്ങൾക്കായി ഓച്ചിറയിലേക്കു പോയി. ഉച്ചയോടെയാണു തീരത്തു കടലാക്രമണം ഉണ്ടായെന്ന് അറിയുന്നത്. ഉടൻ നാട്ടിലേക്കു തിരിച്ചു. കൊച്ചിയുടെ ജെട്ടിയിൽ നിന്നു വള്ളത്തിൽ വീട്ടിലെത്തിയപ്പോഴാണു ദുരന്തത്തിന്റെ ഭീകരാവസ്ഥ മനസ്സിലായത്.

വീടിനെക്കാൾ ഉയരത്തിൽ ഉയർന്നുപൊങ്ങിയ തിരമാലകൾ 50 മീറ്റർ അകലെയുള്ള കായൽ വരെയെത്തിയിരുന്നു. തീരത്തുള്ളവരെയെല്ലാം കടൽ എടുത്തു കായലിലേക്കെറിഞ്ഞു. സൂനാമിത്തിരയിൽ കടത്തുവള്ളങ്ങളെല്ലാം തകർന്നു. തീരത്തുള്ളവരെല്ലാം കായംകുളത്തെ ആശുപത്രികളിലാണെന്നറിഞ്ഞതോടെ ഞാൻ അങ്ങോട്ടേക്ക് ഓടി. ആശുപത്രികൾ കയറിയിറങ്ങി ഓരോരുത്തരെയായി കണ്ടെത്തി. ഭാര്യ, സഹോദരങ്ങൾ, അവരുടെ ഭാര്യമാർ.. പക്ഷേ അമ്മയും എന്റെ മകളും എവിടെയുമില്ല. രാത്രിയോടെ അമ്മയുടെ മൃതദേഹം കണ്ടെത്തി. പിറ്റേന്നു രാവിലെ മകളുടെയും’’. ഓർമകളുടെ വേലിയേറ്റത്തിൽ വാക്കുകൾ മുറിഞ്ഞു. പ്രസാദ് കണ്ണടച്ചിരുന്നു. ഒരു വർഷത്തിനു ശേഷം പ്രസാദിന് ഒരു മകൻ പിറന്നു. അവന്റെ കളിചിരികളുടെ വിരൽത്തുമ്പ് പിടിച്ചാണ് ആ കുടുംബം ജീവിതത്തിലേക്കു തിരികെ നടന്നത്. കടലെടുത്ത പഴയ ജീവിതം പക്ഷേ തീരാനോവായി ബാക്കി.

സൂനാമി ഓർമയിൽ ഉലഞ്ഞ് മറിയാമ്മ ക്ലീറ്റസ്
തുറവൂർ ∙ സൂനാമി ദുരന്തത്തിന് 20 വർഷമാകുമ്പോൾ നടുക്കുന്ന ഓർമകൾ അന്ധകാരനഴിയെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയാണു രാക്ഷസത്തിരകൾ കൊണ്ടുപോയതെന്ന് അന്ധകാരനഴി പൊള്ളയിൽ മറിയാമ്മ ക്ലീറ്റസ് പറയുമ്പോൾ കണ്ണിൽ തിരയേറ്റം. ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശത്തിലായിരുന്നു അന്ന് തീരദേശത്തുള്ളവർ. കടൽ പിൻവാങ്ങുന്ന അപൂർവ കാഴ്ചയാണു കടലോരത്തു കണ്ടത്. പക്ഷേ കൗതുകം മാറും മുൻപേ ചെറുതിരമാലകൾ അടിച്ചുകയറി. വേലിയേറ്റ, വേലിയിറക്ക സമയമായതിനാൽ ആദ്യമാരും വകവച്ചില്ല. പിന്നീടു തിരകൾ ഉള്ളിലേക്കു വലിഞ്ഞു കര തെളിഞ്ഞു. കടലിന്റെ അടിത്തട്ടു കാണാൻ എല്ലാവരും നിൽക്കുമ്പോഴാണ് ഏകദേശം 20 മിനിറ്റിനു ശേഷം കൂറ്റൻ തിരകൾ ഉയർന്നു പൊങ്ങിയത്. കാക്കരിയിൽ മേരി ജോൺ, മേരി സേവ്യർ ചാരങ്കാട്ട്, ക്ലമന്റിന സേവ്യർ അരേശേരി എന്നിവരാണു മറിയാമ്മയുടെ സമീപത്തു ജീവൻ നഷ്ടപ്പെട്ടത്.