ദേശീയപാത നിർമാണം: തുറവൂർ ജംക്‌ഷനിൽ കാനനിർമാണം തുടങ്ങി; എരമല്ലൂരിൽ ഗതാഗത നിയന്ത്രണം
Mail This Article
തുറവൂർ ∙ ദേശീയപാത പറവൂർ–തുറവൂർ റീച്ചിൽ തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ട് പാതയോട് ചേർന്ന് കാന നിർമാണം തുടങ്ങി. ദേശീയപാതയുടെ നിർമാണ യാഡിൽ നിന്നു നിർമിച്ചു കൊണ്ടുവരുന്ന സി ബ്ലോക്ക് കോൺക്രീറ്റ് സ്ലാബ് പാകിയാണ് കാന നിർമിക്കുന്നത്. ലോറികളിൽ എത്തിക്കുന്ന സി ബ്ലോക്ക് സ്ലാബുകൾ കാന സ്ഥാപിക്കുന്നതിനായി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ എടുത്ത കുഴിയിൽ നിരനിരയായി അടുക്കിയ ശേഷം കോൺക്രീറ്റു ചെയ്ത് ഉറപ്പിക്കും. തുടർന്ന് ഇതിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയാണ് കാന നിർമിക്കുന്നത്.
ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ പാതയിലുണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ടിന് പരിഹാരമായാണ് സർവീസ് റോഡിനോട് ചേർന്ന് കാന നിർമിക്കുന്നത്. തുറവൂർ ജംക്‌ഷനിൽ നിന്ന് അരക്കിലോമീറ്ററോളം ഭാഗത്ത് സി ബ്ലോക്ക് സ്ലാബുകൾ സ്ഥാപിച്ച് കാന നിർമിക്കാനായി കുഴിയെടുത്തു. ഇത്തരത്തിൽ പുത്തൻചന്ത, പൊന്നാംവെളിയിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തും കാന നിർമിക്കുന്നതിനായുള്ള ജോലി തുടങ്ങി.
എരമല്ലൂർ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റിങ് നടക്കുന്നതിനാൽ എരമല്ലൂർ ജംക്‌ഷനിൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. വടക്കുനിന്നെത്തി എഴുപുന്ന ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പില്ലർ 188ൽനിന്നു യു ടേൺ എടുക്കണം. എഴുപുന്ന ഭാഗത്തുനിന്നെത്തി ആലപ്പുഴ ഭാഗത്തേക്കു തിരിയേണ്ടവ പില്ലർ 160ൽനിന്നു യു ടേൺ എടുക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.