ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടിയ കേസ്: ഒരാൾ പിടിയിൽ

Mail This Article
ആലപ്പുഴ∙ ഓൺലൈൻ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിൽ. തട്ടിയെടുത്ത പണം സ്വീകരിച്ച അക്കൗണ്ട് ഉടമ മലപ്പുറം മൂന്നിയൂർ പഞ്ചായത്ത് ആറാം വാർഡിൽ വെളിമുക്ക് പാലയ്ക്കൽ ഷറഫുദ്ദീനെയാണു (53) തിരൂരങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ലഹരിമരുന്ന് കേസും ആലപ്പുഴ സൗത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ സാമ്പത്തികത്തട്ടിപ്പു കേസുകളുമുണ്ട്.
ഓൺലൈൻ ജോലി ലഭിക്കാനെന്ന പേരിൽ ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയിൽ നിന്നും 6,97,551 രൂപയാണു പലതവണയായി തട്ടിയെടുത്തത്. പരാതിക്കാരനെ മെസഞ്ചർ അക്കൗണ്ട് വഴി ബന്ധപ്പെട്ട് ഫീനിക്സ് മിൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡിസംബർ 5ന് നാലു ലക്ഷത്തോളം രൂപ ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്കു വാങ്ങി. പരാതിക്കാരൻ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തതോടെ പ്രതിയുടെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടിൽ പരാതിക്കാരനിൽ നിന്നു തട്ടിയെടുത്ത 4 ലക്ഷത്തോളം രൂപയുണ്ടായിരുന്നു.
പ്രതിയുടെ സുഹൃത്തുക്കളായ തിരൂരങ്ങാടി സ്വദേശികളായ ഹംസ, റാഫി എന്നിവർക്കും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ ഒളിവിലാണ്. കേസിൽ ഉത്തർപ്രദേശ് സ്വദേശികൾക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളും ഫോൺ വിളികളും പരിശോധിച്ചാണു പ്രതിയിലേക്കു എത്തിയത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ: ഏലിയാസ് പി.ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.നെഹൽ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.റികാസ്, അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണു ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അക്കൗണ്ട് എടുത്താൽ ഓട്ടോ സമ്മാനം
ഓൺലൈനായി പലരിൽ നിന്നു തട്ടിയെടുക്കുന്ന പണം സൂക്ഷിക്കാനും പിൻവലിക്കാനും അക്കൗണ്ട് എടുത്തു നൽകുകയാണു ഷറഫുദ്ദീൻ ചെയ്തത്. ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് അക്കൗണ്ട് എടുത്തതെങ്കിലും അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺനമ്പർ സുഹൃത്ത് റാഫിയുടേതാണ്. റാഫിയാണ് അക്കൗണ്ട് ഉപയോഗിച്ചിരുന്നതും. ഇത്തരത്തിൽ അക്കൗണ്ട് വിട്ടു നൽകുന്നതിന് 2.5 ലക്ഷം രൂപ വിലയുള്ള ഓട്ടോറിക്ഷയാണു ഷറഫുദ്ദീനു വാഗ്ദാനം ചെയ്തിരുന്നത്. ഡിസംബർ 5ന് ഷറഫുദ്ദീൻ കൊണ്ടോട്ടി ശാഖയിൽ അക്കൗണ്ട് തുറന്നിരുന്നു. തട്ടിപ്പിന് ഇരയായ പലരിൽ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത്.