പക്ഷിപ്പനി: നിയന്ത്രണ കാലാവധി കഴിഞ്ഞു; ഇന്നു മുതൽ പക്ഷികളെ എത്തിക്കുകയും വളർത്തുകയും ചെയ്യാം
Mail This Article
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്നു ജില്ലയിൽ പൂർണമായും പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ചിലയിടങ്ങളിലും പുതിയ പക്ഷികളെ വളർത്തുന്നതിനും കടത്തുന്നതിനും മുട്ട അട വച്ചു വിരിയിക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി അവസാനിച്ചു. പക്ഷിപ്പനിയും തുടർന്നുള്ള നിയന്ത്രണവും കാരണം മാസങ്ങളായി വരുമാനം ഇല്ലാതായ കർഷകർക്ക് ഇതോടെ ആശ്വാസമായി.
സെപ്റ്റംബർ ആദ്യം പുറത്തിറക്കിയ ഉത്തരവു പ്രകാരം ഡിസംബർ 31 വരെയായിരുന്നു നിരോധനം. പുതിയ നിർദേശങ്ങളൊന്നും വന്നിട്ടില്ല. നിയന്ത്രണമുണ്ടായിരുന്ന മേഖലകളിൽ ഇന്നു മുതൽ പക്ഷികളെ എത്തിക്കുകയും വളർത്തുകയും ചെയ്യാം. എന്നാൽ ദേശാടനപ്പക്ഷികളുടെ മടങ്ങിപ്പോക്ക് പൂർത്തിയാകുന്നതു വരെ നിയന്ത്രണം തുടരണമെന്നു പക്ഷിപ്പനിയെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതി ആവശ്യപ്പെടുന്നു. ഈ നിർദേശം സർക്കാർ സ്വീകരിച്ചാൽ നിയന്ത്രണം നീട്ടിയേക്കാമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഹാച്ചറികളിൽ ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനാൽ ഇപ്പോൾ വളർത്തുന്നതിന് ആവശ്യാനുസരണം കോഴി, താറാവു കുഞ്ഞുങ്ങൾ ഈ മേഖലകളിൽ ലഭ്യമല്ല. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, നിരണം താറാവു വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ നിലവിൽ പക്ഷികളില്ല. സർക്കാർ ഹാച്ചറികളിൽ പക്ഷികളെ വളർത്താൻ അനുമതിക്കു കാക്കേണ്ടിവരും.