പുഞ്ചക്കൃഷി 65 ദിവസം പിന്നിട്ടു; നെല്ലുസംഭരണ നടപടിക്കു തുടക്കം

Mail This Article
എടത്വ ∙ പുഞ്ചക്കൃഷി 65 ദിവസം പിന്നിട്ടതോടെ നെല്ലു സംഭരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരിക്കുന്നതിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് റജിസ്ട്രേഷൻ നടത്തേണ്ടത്.ഇക്കുറി 30000 ഹെക്ടറിൽ കൂടുതൽ കൃഷി ചെയ്തിട്ടുണ്ട്. ഏക്കറിന് ശരാശരി 25 ക്വിന്റൽ നെല്ല് ലഭിച്ചാൽ തന്നെ 19 ലക്ഷത്തിലധികം നെല്ല് സംഭരിക്കേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ.
മാർച്ച് ആദ്യം മുതൽ കൊയ്ത്ത് ആരംഭിക്കും. നെല്ല് സംഭരിക്കുന്നതിനായി 59 മില്ലുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കുറിയും പിആർഎസ് വായ്പ ആയിട്ടാണ് വില നൽകുന്നത്.അടുത്ത സീസൺ മുതൽ നെല്ല് സംഭരിച്ചാൽ ഉടൻതന്നെ വില കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നാണ് കൃഷി മന്ത്രി പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇക്കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലിന്റെ വില പോലും പൂർണമായും കൊടുത്തു തീർത്തിട്ടില്ല. കൊയ്ത്ത് 98 ശതമാനവും പൂർത്തിയായി. 39685.85 ടൺ നെല്ല് സംഭരിക്കുകയും ചെയ്തു. ഇതിനോടകം എസ്ബിഐ 11.98 കോടിയും, കനറാ ബാങ്ക് 15.53 കോടിയും കർഷകർക്കു നൽകി.
നെല്ലുസംഭരണം: റിപ്പോർട്ടിൻമേൽ തുടർനടപടി മന്ത്രിസഭ ഉപസമിതി യോഗം മാറ്റിവച്ചു
തിരുവനന്തപുരം∙ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഡോ.വി.കെ.ബേബി അധ്യക്ഷനായ വിദഗ്ധ സമിതി സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻമേൽ തുടർനടപടി സ്വീകരിക്കുന്നതു സംബന്ധിച്ചു രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ യോഗം ഇന്നലെ നടന്നില്ല. നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു മന്ത്രിമാർ.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ,വി.എൻ.വാസവൻ,ജി.ആർ.അനിൽ എന്നിവരും ഉപസമിതിയിലുണ്ട്. നെല്ലിന്റെ സംഭരണവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ ഇന്നലെ ചർച്ച ചെയ്യാനിരിക്കുകയായിരുന്നു.