തിരക്കേറുന്നു; സുരക്ഷയില്ല

Mail This Article
തുറവൂർ∙ ആയിരക്കണക്കിനു സഞ്ചാരികൾ ഒഴുകിയെത്തുന്ന അന്ധകാരനഴി ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ. ഇത്തവണ പുതുവത്സര ദിനത്തിൽ നാടിന്റെ നാനാഭാഗത്തു നിന്നും വിനോദ സഞ്ചാരികളടക്കം നിരവധി പേർ ബീച്ചിൽ എത്തിയിരുന്നു. കടൽ കാണാനും കടലിൽ ഇറങ്ങി കുളിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും അന്ധകാരനഴി ബീച്ചിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. അഴി മണൽ അടിഞ്ഞു നികന്നതോടെ അഴിയുടെ മുഴുവൻ പ്രദേശവും സഞ്ചാരികളെ കൊണ്ടു നിറയും.
ഞായറാഴ്ചയും ഒഴിവ് ദിവസങ്ങളിലുമാണു സഞ്ചാരികൾ ബീച്ചിൽ എത്തുന്നത്. എന്നാൽ ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കിയിട്ടില്ല. പട്ടണക്കാട് പൊലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും അപകടത്തിൽപെടുന്നവരെ രക്ഷിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളില്ല. സഞ്ചാരികളുടെ ഒഴുക്കു അനിയന്ത്രിതമായാൽ അപകടങ്ങൾക്കു സാധ്യത കൂടുതലാണ്. കടലിൽ ഇറങ്ങുന്നവരെ പൊലീസ് തടയുന്നുണ്ടെങ്കിലും പലപ്പോഴും നാമമാത്രമായ പൊലീസിനു ഇവരെ നിയന്ത്രിക്കാനാകുന്നില്ല.
കടൽത്തിരയിൽപെട്ട് അപകട മരണങ്ങൾ സംഭവിക്കുന്നതല്ലാതെ വേണ്ടത്ര സുരക്ഷ ഒരുക്കാൻ അധികൃതർക്കു ഇതേവരെ കഴിഞ്ഞിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്. പോയ വർഷങ്ങളിൽ നിരവധി അപകട മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അടിയന്തരമായി ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കുകയും ലൈഫ് ഗാർഡുമാരുടെ സേവനം മുഴുവൻ സമയവും ഉറപ്പാക്കുകയും ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.