14.6 ലക്ഷത്തിന്റെ പുകയില ഉൽപന്നകടത്ത്; 3പേർ പിടിയിൽ

Mail This Article
ചേർത്തല∙ ദേശീയപാതയിലൂടെ പിക്കപ് വാനിൽ കടത്തുകയായിരുന്ന 14.6 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 പേരെ ചേർത്തല പൊലീസ് പിടികൂടി. പിക്കപ് വാനിന് സുരക്ഷയൊരുക്കാൻ മുന്നിൽ പോവുകയായിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.പാലക്കാട് തൃത്താല മേലേതിൽ വീട്ടിൽ സഹീർ(27), നെല്ലക്കോട് പുലാവട്ടത്ത് ഉനൈസ്(24), വയനാട് തണ്ടാർനാട് കൂറാലയിൽ ഷിബി തോമസ്(42) എന്നിവരാണ് പിടിയിലായത്. ഷിബി തോമസാണ് പിക്കപ് വാൻ ഓടിച്ചിരുന്നത്.

അകമ്പടിയായി പോയിരുന്ന കാറിലാണ് സഹീറും ഉനൈസും ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ ചേർത്തല പൊലീസ് സ്റ്റേഷനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പിക്കപ് വാനിൽ 29 സവാള ചാക്കുകൾ നിരത്തി അതിനടിയിലായാണ് 29,250 പാക്കറ്റ് പുകയിലയുൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. വയനാട്ടിൽനിന്ന് ആലപ്പുഴയിൽ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ജി.അരുൺ, എസ്ഐമാരായ എസ്.സുരേഷ്‌കുമാർ, കെ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.