ജസീമിന് നല്‍കിയ വാക്ക് പാലിച്ച് യൂസഫലി; ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി

Mail This Article
ആലപ്പുഴ∙ ജസീമിന് നല്‍കിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി; പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി. ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് (23) യൂസഫലിയുടെ സഹായമെത്തിയത്. ഇരട്ടകളായി ജനിച്ച ജസീമിന് സഹോദരനെ പോലെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനയിൽ സെറിബ്രല്‍ പാഴ്‌സിയാണെന്ന് കണ്ടെത്തി. തുടർന്ന് മാതൃസഹോദരനായ അബ്ദുള്‍ മനാഫ് ആണ് ജസീമിനെ വളര്‍ത്തിയത്.
പരിമിതികള്‍ക്കുള്ളിലും നടുവട്ടം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ജസീം പ്ലസ് ടു പൂർത്തിയാക്കി. ഇലക്ട്രിക് വീല്‍ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ സഞ്ചരിക്കാമെന്നായിരുന്നു ജസീമിന്റെ ആഗ്രഹം. തുടർന്ന് സഹായം അഭ്യർഥിച്ച് മാതൃസഹോദരന്‍ അബ്ദുള്‍ മനാഫ് കഴിഞ്ഞ ഓഗസ്റ്റ് 6ന് യൂസഫലിക്ക് മെയില്‍ അയയ്ക്കുകയായിരുന്നു. മെയിലിന് മറുപടിയായി ജസീമിന്റെ അവസ്ഥ തിരക്കി ലുലു പ്രതിനിധികൾ എത്തി. ഹരിപ്പാട് സബര്‍മതി സ്‌കൂള്‍ സന്ദര്‍ശനവേളയില്‍ ജസീമിനെ യൂസഫലി നേരില്‍ കണ്ടു. ‘ഇലക്ട്രിക് വീല്‍ചെയര്‍ വീട്ടിലെത്തും, നീ ധൈര്യമായി ഇരുന്നോ’ എന്നായിരുന്നു ജമീമിന്റെ തോളില്‍ തട്ടി യൂസഫലി അന്നു പറഞ്ഞത്.
കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി.സ്വരാജ് വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറുകയായിരുന്നു. ഇനി സ്വന്തമായി എന്തെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നാണ് ജസീമിന്റെ ആഗ്രഹം. ഉപജീവനം നടത്താന്‍ ഈ വീല്‍ചെയര്‍ കൊണ്ട് സാധിക്കുമെന്നും യൂസഫലി സാറിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയെന്നും ജസീം പ്രതികരിച്ചു.