കാട്ടുപന്നി ആക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
ആലപ്പുഴ∙ ചെങ്ങന്നൂർ മുളക്കുഴയിൽ 60 ഓളം കാട്ടുപന്നികൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ, വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളും റാന്നി ഡിഎഫ്ഒ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 1980 ലെ വന്യജീവി ആക്രമണത്തെ തുടർന്ന് നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.
വന്യജീവികളുടെ ആക്രമണം തടയുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചും റാന്നി ഡിഎഫ്ഒ വിശദീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ ഡിഎഫ്ഒ ഇക്കാര്യം പരിശോധിക്കണം. സംഭവത്തെക്കുറിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡിഎഫ്ഒ, ജില്ലാ കൃഷി ഓഫിസർ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തണം.
നാശനഷ്ടം സംഭവിച്ച കർഷകർ ചട്ടപ്രകാരം അപേക്ഷ നൽകിയിട്ടില്ലെങ്കിൽ അത്തരം വ്യക്തികളെ കണ്ടെത്തി അപേക്ഷ നൽകാനുള്ള നടപടികൾ പഞ്ചായത്തുമായി സഹകരിച്ച് പാരാ ലീഗൽ വോളണ്ടിയര്‍ മുഖേന ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, റാന്നി ഡിഎഫ്ഒ, മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കൃഷി ഓഫിസർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.