ഹംഗറി പ്രധാനമന്ത്രിയും കുടുംബവും മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

Mail This Article
ഹരിപ്പാട് ∙ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ അനിക്കോ ലിവായി, മകൾ റോസ ഒർബാൻ എന്നിവർക്കൊപ്പം ഇന്നലെ രാവിലെ 11.15ന് ആണ് അദ്ദേഹം എത്തിയത്. ക്ഷേത്രാചാര പ്രകാരം നാഗരാജാവിന്റെയും സർപ്പയക്ഷിയുടേയും നടയിൽ വഴിപാടുകൾ സമർപ്പിച്ചു. ക്ഷേത്രത്തിന് വലംവച്ച് നിലവറയിലും ദർശനം നടത്തി. തുടർന്നു വല്യമ്മ സാവിത്രി അന്തർജനത്തെ കണ്ട് അനുഗ്രഹം തേടി.
കാവിലെ ഉപദേവാലയങ്ങളിലും തൊഴുത് ക്ഷേത്രം ഓഫിസിലെത്തിയ അദ്ദേഹത്തിന് ക്ഷേത്ര ഭാരവാഹികൾ പ്രസാദവും ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. സന്ദർശനത്തിന്റെ ഓർമയ്ക്കായി പ്രധാനമന്ത്രി ഹംഗറിയുടെ ആദ്യ രാജാവായ സിസെന്റ് ഇസ്ത്വാന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം ക്ഷേത്രത്തിനു സമ്മാനിച്ചു. എസ്. നാഗദാസ് ഏറ്റുവാങ്ങി. ശ്യാംസുന്ദർ, പ്രദീപ്, ജയദേവൻ. ശ്രീകുമാർ, ശ്രീജിത്ത് എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നു പ്രധാനമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു. 12.10ന് അദ്ദേഹം മടങ്ങി.
തൃക്കുന്നപ്പുഴയിലെ കയർ വില്ലേജ് റിസോർട്ടിൽ ആയുർവേദ ചികിത്സയിൽ കഴിയുന്ന ഭാര്യ അനിക്കോ ലിവായിയെ അവിടെയെത്തി ഒപ്പം കൂട്ടിയാണ് പ്രധാനമന്ത്രി മണ്ണാറശാലയിലേക്ക് എത്തിയത്. രാവിലെ പത്തരയോടെ കയർ വില്ലേജിൽ എത്തിയ അദ്ദേഹത്തിന് ഇഡ്ഡലിയും സാമ്പാറും കരിക്കിൻ വെള്ളവും പ്രഭാത ഭക്ഷണമായി നൽകി
റിസോർട്ടിന്റെ അങ്കണത്തിൽ അവതരിപ്പിച്ച തിരുവാതിരയും ആസ്വദിച്ചാണ് കുടുംബസമേതം മണ്ണാറശാല ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടത്. ഉച്ചയ്ക്കു ശേഷം ചികിത്സ തുടരുന്നതിന് ഭാര്യയെ മറ്റൊരു വാഹനത്തിൽ റിസോർട്ടിലേക്ക് അയച്ച ശേഷം പ്രധാനമന്ത്രി ആലപ്പുഴയിലെ താമസ സ്ഥലത്തേക്കു മടങ്ങി. ഹംഗറിയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥ സംഘവും, കമാൻഡോകളും, ഐബി ഉദ്യോഗസ്ഥരും കേരള പൊലീസും പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.