കരുതലും കൈത്താങ്ങും അദാലത്ത്: കാർത്തികപ്പള്ളി താലൂക്കിൽ 22 കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി

Mail This Article
രാമപുരം∙ നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ടു ജനങ്ങളെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് അദാലത്തുകളെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കരുതലും കൈത്താങ്ങും കാർത്തികപ്പള്ളി താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.പ്രസാദ്. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇടുക്കി പുല്ലുപാറയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
എംഎൽഎമാരായ യു.പ്രതിഭ, തോമസ് കെ.തോമസ്, കലക്ടർ അലക്‌സ് വർഗീസ്, കായംകുളം നഗരസഭാധ്യക്ഷ പി.ശശികല, ജനപ്രതിനിധികളായ ടി.എസ്.താഹ, കെ.ജി.സന്തോഷ്, എസ്.പവനനാഥൻ, എൽ.ഉഷ, എഡിഎം ആശ സി.എബ്രഹാം, ഡപ്യൂട്ടി കലക്ടർ ആർ.സുധീഷ്, ചെങ്ങന്നൂർ ആർഡിഒ ജെ.മോബി, തഹസിൽദാർ പി.എ.സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തിൽ 22 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെ യ്തു. 15 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും ഏഴ് മുൻഗണനാ (പിഎച്ച്എച്ച്) കാർഡുകളുമാണ് വിതരണം ചെയ്തത്.

രാമൻകുട്ടിക്ക് കരുതലായി അദാലത്ത്
രാമപുരം∙ 2018 ലെ വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ട വീയപുരം കുന്നേൽ വീട്ടിൽ രാമൻകുട്ടിക്ക് അദാലത്തിലൂടെ കരം അടയ്ക്കാൻ അനുവദിച്ച് മന്ത്രി പി.പ്രസാദ്. കഴിഞ്ഞവർഷം കരം അടയ്ക്കാൻ വീയപുരം വില്ലേജ് ഓഫിസിൽ എത്തിയെങ്കിലും സ്ഥലത്ത് സർവേ നടത്തിയതിനു ശേഷമേ ഇനി കരം അടയ്ക്കാൻ സാധിക്കൂവെന്ന് അധികാരികൾ അറിയിച്ചു. തുടർന്നാണ് രാമൻകുട്ടി കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയത്. മന്ത്രി പി.പ്രസാദ് പരാതി പരിഗണിക്കുകയായിരുന്നു. തുടർന്ന് കരം സ്വീകരിക്കുകയും രസീത് അദാലത്തിൽ വിതരണം ചെയ്യുകയും ചെയ്തു. കരം അടയ്ക്കാൻ സാധിക്കാത്ത 11 പേർക്കാണ് അദാലത്തിലൂടെ കരം അടച്ച് രസീത് കൈപ്പറ്റാൻ സാധിച്ചു.